പൊന്നിക്കുട്ടിക്ക് തിളങ്ങുന്ന ഒരു പാദസരം വേണം. സ്കൂളിൽ തന്റെ കൂടെ പഠിക്കുന്ന എല്ലാ കുട്ട്യോൾക്കും ഉണ്ട് നല്ല കിലുകിലെ കിലുങ്ങുന്ന ഓരോ ജോഡി പാദസരം. അതും കിലുക്കി അവർ അവളോടൊത്തു ഓടിയും ചാടിയും ഒക്കെ കളിക്കുമ്പോൾ, പൊന്നിയുടെ മനസ്സിൽ ആകെ ഒരു വിതുമ്പലാണ്. കഴിഞ്ഞ സ്കൂൾ യുവജനോത്സവത്തിനു പൊന്നിയും ഉറ്റ സുഹൃത്ത് മീനാക്ഷിയും കൂടി പാട്ടുമത്സരത്തിനു ചേർന്നു. അന്നു പൊന്നി പാട്ടിന്റെ അവസാനത്തെ രണ്ടു വരി മറന്നു പോയ കാരണം സമ്മാനമൊന്നും കിട്ടിയില്ല. അതിൽ അവൾക്കു തെല്ലു സങ്കടോമില്ല. പക്ഷെ മീനാക്ഷിക്കു ഒന്നാം സമ്മാനം കിട്ടി. അന്ന് ഇതേ തരത്തിലുള്ള ഒരു വിതുന്പൽ, പൊന്നിയുടെ കുഞ്ഞു മനസ് അനുഭവിച്ചത് അവൾ വേദനയോടോർത്തു.
തന്റെ കൂട്ടുകാരിയാണേലും, കൂട്ടത്തിൽ അല്പം പോസ് കൂടുതൽ ഉള്ള ബെറ്റിക്ക് ഒരു പതിനായിരം മണികളുള്ള അസ്സലൊരു പാദസരമാണുള്ളത്. അതിന്റെ ശബ്‍ദം ഒരല്പം ഭയങ്കരം തന്നെ. പാതിരാത്രി വല്ലോം കേട്ടാൽ, യക്ഷിയാണെന്നു കരുതി മരിച്ചു പോകും. പൊന്നി ഒരു ഞെട്ടലോടെ ഓർത്തു. അതു വേണ്ട. മീനാക്ഷിക്കുള്ള പോലത്തെ ചെറുതൊരെണ്ണം മതി. ഇടയ്ക്കിടെ മണികൾ, പിന്നെ നല്ല ചുവന്ന കല്ലുകൾ. പൊന്നിയുടെ മനസ്സിൽ ആശ മൂത്തു.
പക്ഷെ, വീട്ടിലെ അവസ്ഥയൊക്ക പൊന്നിക്ക് നന്നായി അറിയാവുന്നതാണ്. വയസ്സ് പത്തേ ഉള്ളെങ്കിലും അവൾ അഞ്ചാറു കൊല്ലം സ്കൂളിൽ പോയ കുട്ടിയല്ലേ. അതിന്റെ കാര്യ വിവരോം ഒക്കെ അവൾക്കുണ്ട്. വീട്ടിൽ പൈസക്ക് ഒരൽപ്പം ബുദ്ധിമുട്ടാണ്. അതു കൊണ്ട് തന്നെ പാദസരത്തിന്റെ കാര്യം അവൾ ഇതുവരെ ആരോടും മിണ്ടിയിട്ടില്ല.
പൊന്നിയുടെ അച്ഛൻ കിളയ്ക്കാനും, തെങ്ങു കയറാനും, ഓലമേയാനും എന്ന് വേണ്ട എന്ത് പണിക്കും ഒരു മടിയുമില്ലാതെ പോകുന്നത് അവൾ കാണാറുള്ളതാണ്. അവൾക്കു വേണ്ട പാവാടേം, ഉടുപ്പും, കളിപ്പാട്ടോ, പുസ്തകോം, ഉണ്ണിയപ്പോം എല്ലാം വാങ്ങി തരും. പിന്നെ വൈകിട്ട് അവളോടൊത്തിരുന്നു പാട്ടു പാടും, കഥകൾ പറയും. പക്ഷെ അച്ഛൻ ഒന്നു മാത്രം ചെയ്യില്ല. അമ്മമ്മ വരാന്തയിൽ വിളക്കു കത്തിച്ചു വെച്ചാൽ, അച്ഛൻ ഒന്നു തൊഴുക പോലും ചെയ്യാതെ വീടിനകത്തേക്ക്ങ്ങു കയറി പോകും. അച്ഛന് ദൈവത്തിൽ വിശ്വാസമില്ലത്രെ! അച്ഛൻ കമ്മ്യൂണിസ്റ്റ് ആണ്. അതെന്താണെന്നു പൊന്നിക്കറിയില്ല.
പൊന്നി രണ്ടും കൽപ്പിച്ചു അമ്മമ്മയോടു മനസ്സു തുറന്നു, "എനിക്കൊരു പാദസരം വേണം. നല്ല ചേലുള്ള ഒരെണ്ണം. വെള്ളി നിറത്തിലുള്ളത്. ചുവന്ന നിറമുള്ള കല്ലുകൾ പതിപ്പിച്ചത്." അവൾ വിസ്തരിച്ചു. അമ്മമ്മ പറഞ്ഞു, "കുട്ടി പോയി വിളക്കത്തിരിക്കുന്ന ഗണപതി ഭഗവാനോട് പറ. എന്ത് ആഗ്രഹോം സാധിച്ചു തരും."
പൊന്നുക്കുട്ടിക്കു ഇതു വിശ്വസിക്കാൻ ആവുന്നില്ല! ഇത്രക്ക് എളുപ്പമായിരിക്കും തന്റെ ആശക്കുള്ള പരിഹാരം എന്ന് അവൾക്കറിയില്ലായിരുന്നു. പക്ഷെ, ഒന്നും അങ്ങോട്ട് കൊടുക്കാതെ ഇക്കാലത്തു ആരാ ഒരു ഉപകാരം ചെയ്യാ? അല്ല, വയസ്സ് പത്തേ ഉള്ളെങ്കിലും അവൾ അഞ്ചാറു കൊല്ലം സ്കൂളിൽ പോയ കുട്ടിയല്ലേ! ക്ലാസ്സിൽ സംസാരിച്ചാലും ക്ലാസ്സ്‌ലീഡർ സുമേഷ് പേര് എഴുതരുതെങ്കിൽ, ഒരു മിഠായി മേടിച്ചു കൊടുത്താൽ മതി. ഉച്ചക്ക് മീനാക്ഷിയുടെ ചോറ്റു പാത്രത്തിലെ ഒരു കഷ്ണം മീൻ കിട്ടണേൽ, പൊന്നിയുടെ പാത്രത്തിലെ രണ്ടു ലവ് ലോലിക്ക കൊടുത്താൽ മതി. അതു കൊണ്ട് ഒന്നും കൊടുക്കാതെ ഭഗവാൻ കാര്യം നടത്തി തരില്ലെന്ന് അവൾക്കുറപ്പായിരുന്നു.
അമ്മമ്മയ്ക്കു ഭഗവന്മാരെപ്പറ്റി എല്ലാം അറിയാം. അമ്മമ്മേടെ എല്ലാ കഥയുടെ അവസാനോം ഉണ്ടു ഓരോ ഭഗവാന്റെ അവതാരം. ആഗ്രഹം സാധിച്ചു തരാനോ, ആപത്തിൽ നിന്നു രക്ഷിക്കാനോ, നേർ മാർഗം കാണിച്ചു കൊടുക്കാനോ അങ്ങനെ എന്തിനേലും. ചിലപ്പോൾ ഈ കൃഷ്ണനും ഗണപതീം ഒക്കെ അമ്മാമ്മേടെ അകന്ന ബന്ധുക്കളാണോ എന്ന് വരെ പൊന്നിക്കു തോന്നിയിട്ടുണ്ട്.
അമ്മമ്മ ഒരിക്കൽ പറഞ്ഞിട്ടുണ്ട് ഗണപതി ഭഗവാനു ഉണ്ണിയപ്പമാണ് ഏറ്റവും പ്രിയമെന്നു. അതു കാര്യമായി. അമ്മമ്മ പൊന്നിക്കായി പ്രത്യേകം ഉണ്ടാക്കിയ ഉണ്ണിയപ്പത്തിൽ നിന്നും രണ്ടെണ്ണം അവൾ നാളെ കഴിക്കാനായി മാറ്റി വെച്ചിട്ടുണ്ടായിരുന്നു. അത് രണ്ടും അവൾ ആരും കാണാതെ വിളക്കത്തു ഭഗവാന്റെ മുന്നേ കൊണ്ട് വെച്ചു. അവൾ ഗണപതിയുടെ വിഗ്രഹത്തിലേക്കു ഒന്നു നോക്കി. ഇതുവരെ തോന്നാതെ ഒരു ചെറു പുഞ്ചിരി ഭഗവാന്റെ മുഖത്തു അവൾ ശ്രദ്ധിച്ചു. അവൾക്കു കാര്യം നടക്കുമെന്നുറപ്പായി.
ഇതേ സമയം.
സ്ഥലത്തെ പുതുപണക്കാരനായ മോഹൻലാലിനു ഒരു മോഹം. അതിനു മുന്നേ, പി. മോഹനൻ എങ്ങനെ മോഹൻലാൽ ആയി എന്നതു ഒരു ചെറുകഥയാണു. അഞ്ചു കൊല്ലം മുന്നെ കള്ള വിസയിൽ ലണ്ടനിൽ എത്തിയ മോഹനന്, അവിടുത്തെ പണക്കാരനായ തന്പി ചേട്ടൻ ഒരു ഡ്രൈവർ ജോലി കൊടുത്തു. കുബുദ്ധി രക്തത്തിൽ അലിഞ്ഞു ചേർന്ന മോഹനന് വേറെ പല ഉദ്ദേശങ്ങളും ഉണ്ടായിരുന്നു. വണ്ടി ഓടിച്ചു, വണ്ടി ഓടിച്ചു അയാൾ തന്പി ചേട്ടന്റെ എല്ലാമെല്ലാമായ ഏക പുത്രി സുമയുടെ ഹൃദയത്തിൽ കയറി പറ്റി.
സുമക്കു മോഹനൻ ഇല്ലാതെ ഒരു ജീവിതം വേണ്ട എന്നു തറപ്പിച്ചു പറഞ്ഞിരിക്കുന്നു. തന്പി ചേട്ടൻ പെട്ടു എന്നു പറഞ്ഞാൽ മതിയല്ലോ. കുറഞ്ഞതു ഒരു ഡോക്ടർ എങ്കിലും മരുമകനായി വേണം എന്നാഗ്രഹിച്ച തന്പി ചേട്ടനു കിട്ടിയതോ പാഷാണത്തിൽ കൃമി എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ആറു ബോറൻ തരികിടയെ. യോഗ്യത, പത്താം ക്ലാസും ഗുസ്തിയും! പ്രേമം അസ്ഥിക്ക് പിടിച്ചാൽ എന്താ ചെയ്ക!
കല്യാണം കഴിഞ്ഞു. മോഹനൻ തന്റെ തനി നിറം പുറത്തെടുക്കാൻ തുടങ്ങി. ലണ്ടനിലെ തമ്പി ചേട്ടന്റെ ബിസിനസ് ഭരണം മോഹനൻ മൊത്തമായി ഏറ്റെടുത്തു. പാവം തന്പി ചേട്ടൻ വീട്ടിൽ തന്നെ ഇരുപ്പായി. ഇതൊന്നും പോരാഞ്ഞു, കൊള്ള പലിശക്ക് കടം കൊടുക്കുന്ന ഒരു ചെറിയ ബ്ലേഡ് കമ്പനി സ്വന്തം നാട്ടിലും തുടങ്ങി. തന്റെ നാട്ടുകാർ പൈസ ഇല്ലാതെ അലയാൻ പാടില്ല, അതാണ് വാദം. മോഹനന്റെ സ്നേഹത്തിന്റെ രുചി നാട്ടുകാർക്കെല്ലാം സുപരിചിതമായി തുടങ്ങി. പലിശയും മൊതലും തിരിച്ചടക്കാൻ കഴിയാത്ത പല പാവങ്ങളുടെ വീടും സ്ഥലവും മോഹനൻ അപഹരിച്ചു തുടങ്ങി.
പണത്തിനു മേലെ പരുന്തും പറക്കില്ല എന്നതു മോഹനന് ഒരു ലഹരിയായി മാറി. അപ്പോഴാണ് തന്റെ ഈ പി. മോഹനൻ എന്ന പേരു ഒരു കുറവായി അയാൾക്ക് തോന്നിയതു. പിന്നെ വെച്ചു താമസിപ്പിച്ചില്ല. മലയാളികൾക്ക് ഏറ്റവും പ്രിയങ്കരനായ മോഹൻലാലിൻറെ പേര് തന്നെ തനിക്കാകാമെന്നു മോഹനന് തോന്നിപോയി. പേരു മാറ്റി, പക്ഷെ ആരും മോഹനനെ മോഹൻലാൽ എന്ന് വിളിച്ചില്ല!
എല്ലാ ക്കൊല്ലത്തെയും പോലെ, ഇത്തവണയും മോഹനൻ അവധിക്കു കുടുംബ സമേതം നാട്ടിൽ എത്തിയതാണ്. ആദ്യം തന്നെ കേരളത്തിൽ ഉടനീളമുള്ള അന്പല സർകീട്ടു നടത്തി. ഭഗവാന്മാർ ഒരാൾ വിടാതെ എല്ലാരേം പ്രീതിപ്പെടുത്തി. ആര് എപ്പോളാണ് ഉപകാരപെടുന്നേ എന്ന് അറിയില്ലല്ലോ. പോരാതെ, അവരുടെ അനുഗ്രഹമാണല്ലോ തന്റെ ഈ സൗഭാഗ്യങ്ങളുടെ ഒക്കെ രഹസ്യം! ദൈവ പ്രീതി കഴിഞ്ഞാൽ പിന്നെ സുഹൃത്തുക്കളുമൊത്തുള്ള ആഘോഷമാണ്. കള്ളും, മീനും, കോഴിയും, പോത്തും ഒക്കെ തീൻ മേശ നിറയും. പിന്നെ, പാട്ടും കൂത്തും, ഒക്കെയായി പൊടി പൂരമാണ്.
പക്ഷെ, ഇത്തവണ മോഹനന് മനസ് തുറന്നു സന്തോഷിക്കാൻ കഴിയുന്നില്ല. ആക അസ്വസ്ഥനാണ്. എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്തെ പോലെ. സ്വന്തം നാട്ടിൽ ഒരു പേരിനായി മോഹനൻ കൊതിച്ചു. നാട്ടുകാരുടെ ബഹുമാനത്തിനായി അയാളുടെ ഹൃദയം വെമ്പി. സുമയുടെ ഉപദേശപ്രകാരം ബ്ലേഡ് കമ്പനി നിർത്തി. നാലാൾ കൂടുന്ന ഏതു സദസ്സിലും മോഹനൻ ഒരു മാന്യന്റെ വേഷമണിഞ്ഞു. ക്ഷേത്രത്തിൽ അന്നദാനം നടത്തി. എന്നിട്ടും നാട്ടുകാരുടെ സ്നേഹം മോഹനന് തിരിച്ചു പിടിക്കാൻ ആയില്ല. സുഹൃത്തുക്കളാണെന്നു പറഞ്ഞു തന്റെ കള്ളു മോന്തുന്നവർ പോലും താൻ കേൾക്കാതെ തന്നെ പറ്റി ദുഷിക്കുന്നു.
പകരം വീട്ടണം. തന്റെ വിലമനസിലാക്കാത്ത ഈ നാട്ടുകാർക്ക് താൻ ആരാണെന്നു കാണിച്ചു കൊടുക്കണം. മോഹനൻ ഉറപ്പിച്ചു
സ്ഥലത്തെ പ്രമാണിയും വല്യ തറവാടിയുമായ നാരായൺ ചേട്ടൻ നാട്ടിൽ പുതിയ ഒരു സ്കൂൾ തുടങ്ങുന്നു. അത് മോഹനന് ഉത്‌ഘാടനം ചെയ്യണം. നാട്ടുകാർക്കെല്ലാം നാരായൺ ചേട്ടൻ കൺകണ്ട ദൈവമാണ്. ദാനശീലൻ, മനുഷ്യ സ്‌നേഹി. ആത്മാർഥമായി ആര് വന്നു കേണാലും സഹായിക്കുന്ന മഹാ മനസ്കൻ. ഇത് നടന്നാൽ നാട്ടുകാർ തന്നെ അംഗീകരിക്കും. വാനോളം പുകഴ്ത്തും.
മോഹനൻ നാരായണൻ ചേട്ടനെ പോയി കണ്ടു. ആഗ്രഹം ബോധിപ്പിച്ചു. പതിവിനു വിപരീതമായി ഉത്‌ഘാടനം ചെയ്യാൻ ഒരു അവസരം നൽകിയാൽ നല്ലൊരു തുക അങ്ങോട്ട് നൽകാമെന്നും മോഹനൻ വാഗ്ദ്ധാനം നൽകി. ഇത് കേട്ടു ഒന്ന് ചിരിച്ചുകൊണ്ടു നാരായണൻ ചേട്ടൻ മറുപടി പറഞ്ഞു, "ഒരു സ്കൂൾ ഉത്‌ഘാടനം ചെയ്യാൻ അതിന്റേതായ യോഗ്യത വേണ്ടേ മോഹനാ? അത് നമ്മുടെ മാധവൻമാഷ് നിർവഹിക്കും. നാട്ടിൽ പേര് വേണേൽ, നീ കൊള്ള പലിശക്ക് അപഹരിച്ച വസ്തുവും വീടുമെല്ലാം നാട്ടുകാർക്ക് തിരിച്ചു കൊടുക്ക്". മോഹനന്റെ രക്തം തിളച്ചു. കഷ്ടപെട്ടുണ്ടാക്കിയ സ്വത്തെല്ലാം തിരിച്ചു കൊടുക്കാനോ?! നന്നായി കഥ!
മോഹനൻ ഒന്നും പറയാതെ അവിടെനിന്നിറങ്ങി. പക്ഷെ അയാൾ ആശ കൈവിട്ടില്ല. തലപ്പത്തുള്ള പല ആളുകളെയും കൊണ്ട് നാരായൺ ചേട്ടനെ സ്വാധിനിക്കാൻ ശ്രമിച്ചു. ഒരു കാര്യവും ഉണ്ടായില്ല. എല്ലാം പോട്ടെ, ഒരു ആവേശത്തിൽ താൻ ആണ് സ്കൂൾ ഉൽഘാടനം ചെയ്യുന്നേ എന്ന് പത്തു പേരോട് പറഞ്ഞും പോയി. ഇനി അത് നടന്നില്ലേൽ നാട്ടിൽ എങ്ങനെ തല ഉയർത്തി നടക്കും?
മോഹനൻ അവസാന അടവു പയറ്റാൻ തന്നെ തീരുമാനിച്ചു. അയാൾ തന്നെക്കാളും, തന്റെ ഭാര്യയേക്കാളും വിശ്വസിക്കുന്ന ഒരാൾ ഉണ്ട് ഈ ഉലകത്തിൽ. ശാസ്ത്രി സർ, ജ്യോത്സ്യനാണ്. "ആരെയാണു പിടിക്കേണ്ടത്?", മോഹനൻ ആവേശത്തോടെ ചോദിച്ചു. "ആഗ്രഹത്തിന് വിഘ്നം ആണല്ലോ പ്രശ്നം. അപ്പോൾ വിഘ്നേശ്വരൻ ആവും അല്ലെ?" മോഹനൻ തന്നെ മറുപടിയും പറഞ്ഞു. ശാസ്ത്രിക്ക് ഇത് ഒട്ടും ഇഷ്ടമായിട്ടില്ല. സ്വരത്തിൽ നീരസം, "മോഹനൻ, ആളുകളുടെ മനസ് മാറ്റാനുള്ള വിദ്യ എനിക്കറിയില്ല. ഞാൻ ഇപ്പോൾ അല്പം തിരക്കിലാണ്." ഫോൺ വെച്ചിരിക്കുന്നു. ദേഷ്യക്കാരനാണ്.
പക്ഷെ ഇത് ഗണപതി വിചാരിച്ചാൽ നടക്കും. മോഹനന് ഉറപ്പിച്ചു. തന്റെ തെങ്ങിൻ തോട്ടത്തിലെ മൊത്തം തേങ്ങയും ഗണപതിക്ക്. ഇതിൽ കാര്യം നടക്കും. നാരായണൻ ചേട്ടൻ തൻറെ വഴിക്കു വരും.
നല്ല തണ്ടും തടിയുമുള്ള നാലഞ്ചു തെങ്ങു കയറ്റക്കാരെ തോട്ടത്തിലേക്ക് ഏർപ്പാടാക്കാൻ മോഹനൻ ആളെ അയച്ചു. അതിൽ തണ്ടും തടിയുമുള്ള ഒരാൾ നമ്മുടെ പൊന്നുക്കുട്ടിയുടെ അച്ഛനാണ്. ഒരു നല്ല കോളൊത്തു എന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. പൊന്നുക്കുട്ടിക്കു സന്തോഷമായി. ഇന്ന് രാത്രി അച്ഛനോട് പാദാസരത്തിന്റ കാര്യം പറയാം. പൊന്നി ഉറപ്പിച്ചു.
എത്ര തെങ്ങു കയറി എന്നറിയില്ല. എത്ര തേങ്ങ ഇട്ടു എന്നും അറിയില്ല. മൊത്തം പൊതിച്ചു, വാരി കെട്ടി, പണിക്കാർ അന്പലത്തിൽ ഏല്പിച്ചു. മോഹനൻ പറന്പിൽ പോയില്ല, കാരണം ചൂട് സഹിക്കാൻ മേലെ! നാളെ അന്പലത്തിൽ പോയി ഒന്ന് തൊഴണം. തേങ്ങാ അടിക്കാനും ഈ പണിക്കാർ തന്നെ വരും.
അച്ഛന് നല്ല വിശപ്പുണ്ടെന്നു തോന്നുന്നു. ചോറും, മോരും, ചമ്മന്തിയും കൂട്ടി കുഴച്ചു നല്ല കരിവാട് ചുട്ടതും കടിച്ചു അച്ഛൻ ഒരു കലം ചോർ ഉണ്ടുകാണും. പൊന്നി അതിശയത്തോടെ നോക്കി നിന്നു. ഉണ്ട് കഴിഞ്ഞു അച്ഛൻ വരാന്തയിൽ കാറ്റും കൊണ്ടിരിക്കയാണ്. അച്ഛനോട് ആഗ്രഹം പറയാം, നല്ല കോളൊത്തു എന്ന് പറഞ്ഞതല്ലേ. അവൾ പതുക്കെ കൊഞ്ചി കൊഞ്ചി അടുത്ത് ചെന്നു. അവൾ എന്തേലും പറഞ്ഞു തുടങ്ങുന്നേനു മുന്നേ, അച്ഛൻ ഒരു പൊതി അവൾക്കായി നീട്ടി. അതിനുള്ളിൽ ഒരു കുഞ്ഞു പെട്ടിയിൽ നല്ല തിളങ്ങുന്ന, ചുവന്ന കല്ലുപതിപ്പിച്ച, കുഞ്ഞു മണികൾ ഉള്ള, നല്ല അസ്സലൊരു പാദസരം.
അച്ഛൻ ചോദിച്ചു, "പൊന്നിക്കുട്ടിക്കു ഇഷ്ടായോ?"
പൊന്നിയുടെ മുഖത്തെ അതിശയം കണ്ടു അമ്മമ്മയും അച്ഛനും ചിരിച്ചു പോയി.
അച്ഛൻ കൂട്ടിച്ചേർത്തു, "പൊന്നിക്കുട്ടിക്കു ഇനി എന്തു ആഗ്രഹമുണ്ടെലും അച്ഛനോട് വന്നു പറഞ്ഞാൽ മതി കേട്ടോ."
പൊന്നിക്കു സന്തോഷം കാരണം ഒന്നു മിണ്ടാൻ പോയിട്ട് ആ രാത്രി ഉറങ്ങാൻ കൂടി കഴിഞ്ഞില്ല. എങ്ങനേലും നേരം വെളുത്തു, പുതിയ പാദസരോം കിലുക്കി സ്കൂളിൽ പോയാൽ മതി.
പിറ്റേന്ന് മോഹനന്റെ തേങ്ങ മൊത്തം പൊന്നീടെ അച്ഛനും സൃഹുത്തുക്കളും കൂടി അന്പലനടയിൽ ഉടച്ചു.
മോഹനന്റെ അവസാനത്തെ അടവുകളും ചീറ്റി പോയി. നാരായണൻ ചേട്ടന്റെ മനസ് മാറിയില്ല. അദ്ദ്ദേഹം ഉറപ്പിച്ചപോലെ തന്നെ മാധവൻമാഷ് സ്കൂൾ ഉത്‌ഘാടനം ചെയ്തു. മോഹനൻ വീന്പ് പറഞ്ഞ സുഹൃത്തുക്കൾ അവനെ കളിയാക്കി ചിരിച്ചു. നാട്ടിൽ നിൽക്കാൻ പറ്റാതെ മോഹനൻ സുമയുമൊത്തു ലണ്ടനിലേക്ക് യാത്രയായി. ഇനി ഒരിക്കലും, ഈ നശിച്ച നാട്ടിലേക്ക് വരില്ല എന്ന് അയാൾ ഉറപ്പിച്ചു. തിരിച്ചു പോകുന്ന വഴിയിൽ ഗണപതി അന്പലത്തിന്റെ മുന്നേ എത്തിയപ്പോൾ മോഹനൻ തല തിരിച്ചു കളഞ്ഞു. കൃഷ്ണനോ ശിവനോ ആയിരുനെങ്ങിൽ തന്നോട് ഈ പണി കാണിക്കില്ലായിരുന്നു എന്ന് അയാൾക്ക് തോന്നി പോയി.
ഇതേ സമയം, തേങ്ങയുടെയോ ഉണ്ണിയപ്പത്തിന്റെയോ കണക്കറിയാതെ നമ്മുടെ പാവം കഥാനായകൻ ശ്രീകോവിലിൽ സ്ഥിതികൊണ്ടു.
സന്മനസുള്ളവർക്കു സമാധാനം!
No comments:
Post a Comment