Please Note...

(Hi everyone... In some computer systems the malayalam fonts(libis) are not coming up as I can see on my system. I dont know the exact reason, but I assume its something to do with the translator I have used!Sorry for any Inconvenience caused...I will try to sort this out soon...)

Sunday, 4 June 2017

അവൾ

ഒരായിരം തവണ തന്റെ കാൽപാദം പതിഞ്ഞ ആ വീഥിയിലൂടെ അവൾ അന്നും നടന്നു.  ആ വീഥിയിലെ ഒരോ പുൽക്കൊടിയും അവൾക്കു പരിചിതമാണ്‌.  തലയൊട്ടും ഉയർത്താതെ, തന്റെ കാലടിയുടെ താളം മാത്രം ശ്രദ്ധിച്ചു, തന്റെ സാന്നിധ്യം ആവും വിധം മറയ്ക്കാൻ ശ്രമിച്ചു, അവൾ ആ വീഥിയിലൂടെ നടന്നു കൊണ്ടിരുന്നു.

പണ്ടു തന്റെ ഭർത്താവിനൊപ്പം ആ വീഥിയിലൂടെ പോകുബോൾ അവൾ തന്റെ തല ഉയർത്തി പിടിച്ചിരുന്നു. ആരേയും അസൂയാലുവാക്കുംവണ്ണമുള്ള അവളുടെ സൌന്ദര്യം, മൃദുലമായ വെണ്ണക്കല്ലു തോൽക്കുന്ന മിനുസമായ ചർമ്മം,  മുട്ടറ്റം നീണ്ട കാർകൂന്തൽ, ശാലീനമായ അഴകാർന്ന പുഞ്ചിരി. ഏതോ ജീവിച്ചു മരിച്ചു മണ്ണടിഞ്ഞ ഒരു പഴയ ജന്മത്തിലെ പ്രേതം പോലെയാണു അവൾക്കാ ഓർമകൾ.  

കല്യാണം കഴിഞ്ഞു ബന്ധുക്കളുടെ അരോചകമായ പതിവു സുഖാന്വേഷനതിന്റെ സമ്മർദം കൊണ്ടാണു അവർ ഒരു ഗയ്നകോലൊജിസ്റ്റിനെ കാണാൻ തീരുമാനിച്ചത്.  ചില ടെസ്റ്റുകൾ, ചില പ്രശ്നങ്ങൾ...  വീണ്ടും ചില ടെസ്റ്റുകൾ.  അപ്രിയമായ ഒരു വാർത്തയ്കായി അവൾ തന്റെ മനസ്സിനെ പാകപ്പെടുത്തിയെങ്ങിലും അതു ഇത്രത്തോളം തീവ്രമായ പ്രശ്നങ്ങളിലേക്കാണ് വഴി തിരിയുന്നതെന്നു അവൾ സ്വപ്നത്തിൽ പോലും കരുതിയില്ല.  ഒരൊറ്റ ദിവസം കൊണ്ടു അവളുടെ ജീവിതത്തിന്റെ താളം തെറ്റി; ഒരൊറ്റ ദിവസം കൊണ്ടു അവൾ വാർദ്ധക്യത്തിലേക്ക് കാൽ എടുത്തു വെച്ച പോലെ... അവൾക്കു കാൻസറാണ്, ചികിത്സിച്ചു ഭേദമാക്കാൻ പ്രയാസമായ കാൻസർ.  

പിന്നീടുള്ള കുറച്ചു നാളുകൾ അവളുടെ ജീവിതത്തെ മാറ്റി മറിച്ചു - കീമോയുടെ നാളുകൾ, എണ്ണിയാലൊടുങ്ങാത്ത മരുന്നുകളുടെ നാളുകൾ...  മരണമെന്ന മാലാഖയുടെ ചിറകിലേറി ആ യാത്ര പോകാൻ അവൾ കൊതിച്ച നാളുകൾ... തന്റെ മുട്ടറ്റം നീണ്ട മുടി നഷ്ടമായതിൽ അവൾകൊട്ടും വിഷമം തോന്നിയില്ല, കാരണം അവളുടെ വിളറി വെളുത്ത മുഖത്തിനും, വാടിത്തളർന്ന കണ്ണുകൾക്കും തന്റെ ഏറ്റവും പ്രിയപ്പെട്ട മുടി ഒട്ടും ചേർച്ചയില്ലെന്ന് അവൾക്കറിയാമായിരുന്നു.

അവളുടെ ചുറ്റുമുള്ളവരുടെ കണ്ണിലെ അസൂയ മങ്ങി സഹതാപമായി മാറി.  എല്ലാവർക്കും സഹതാപമാണ്‌.  ചെറുപ്പത്തിലെ രോഗിയായിപ്പോയ അവളോടു, ആ രോഗിയെ പരിചരിക്കാൻ നിയോഗിക്കപെട്ട അവളുടെ ഭർത്താവിനോട്.  സഹതാപമെന്ന മുഖംമൂടിയണിഞ്ഞു സമൂഹം അവളുടെ ദുരന്തത്തെ ആഘോഷിക്കുന്നതായി അവൾക്കു തോന്നി. അവർക്ക് കുശലം പറയാൻ ഒരു വിശേഷം - അതിലുപരി ഒരു ആശ്വാസവും അവൾക്കു ഈ സമൂഹത്തിൽ നിന്നും ലഭിച്ചില്ല.  

കീമോയുടെയാണോ മരുന്നിന്റെയാണോ പ്രാർത്ഥനയുടെയാണോ എന്നറിയില്ല, അവളുടെ അസുഖം ഒരുപാടു ഭേദമാവുന്നതായി കണ്ടുവന്നു.  മരുന്നിന്റെ ഫലത്തിൽ ഇനിയും അവൾ ജീവിക്കും, കൃത്യമായി എത്ര വർഷമെന്ന് ഡോക്ടർമാർക്ക് പറയാൻ കഴിയുന്നില്ല.  അവളുടെ സ്നേഹസമ്പന്നനായ ഭർത്താവിന്റെ കൂടെ ആ വീഥിയിൽ അവൾ വീണ്ടും പ്രത്യക്ഷപ്പെട്ടു.  സുന്ദരിയായ ഒരു യുവതിക്ക് പകരം മെലിഞ്ഞുണങ്ങിയ, മുടി പറ്റ വെട്ടിയ ആ സ്ത്രീ രൂപം കണ്ടു അയൽപക്കത്തെ പെണ്ണുങ്ങൾ മൂക്കത്തു കൈ വെച്ചു.  പണ്ടു അസൂയകൊണ്ടു ജ്വലിച്ച, കണ്ടെങ്ങിലും കണ്ടില്ലെന്നു ഭാവിച്ച കണ്ണുകൾ ഇന്നവളെ അടിമുടി നോക്കി വിസ്തരിക്കുന്നത് അവളറിഞ്ഞു.

എല്ലാവർക്കും അപ്പോളും സഹതാപമാണ്‌.  സുന്ദരനും ആരോഗ്യവാനുമായ അവളുടെ ഭർത്താവിനു ഈ രോഗിയായ, പ്രേതകോലമായ ഭാര്യയെ കൊണ്ടു നടക്കേണ്ടി വന്നലോ?!  അവർ ഒരു ദാക്ഷണ്യവുമില്ലാതെ അവളുടെ ജീവിതത്തെ ചർച്ചാവിഷയമാക്കി.  അവളുടെ കളിക്കൂട്ടുകാരനായ പിന്നെ കാമുകനായ ഒടുവിൽ ജീവിത പങ്ങാളിയായ അവളുടെ ഭർത്താവിനു ഭാഹ്യസൌന്ദര്യതിനുപരി അവളെന്ന വ്യക്തിയെ സ്നേഹിക്കാൻ കഴിയുമെന്നത് അവരുടെ ചെറിയ ചിന്താവലയത്തിൽ ഒതുങ്ങാവുന്നതിലും അതീതമായിരുന്നു. 

ബാഹ്യമായി തനിക്കു വന്ന മാറ്റം അവളെ ഒട്ടും തളർത്തിയില്ല.  കവിതകളിഷ്ടപെടുന്ന, ഒരുപാടു സ്വപ്നങ്ങൾക്കുടമയായ, കരുണയുള്ള, സ്നേഹസംബന്നയായ അവളുടെ വ്യക്തിത്വത്തെ അവളുടെ ഭർത്താവും, സുഹൃത്തുകളും, കുടുംബവും അന്നും ഇന്നും ഒരുപോലെ സ്നേഹിക്കുന്നു.  അവൾ ജോലിക്കു പോയി തുടങ്ങി, ഉപരിപഠനമാരംഭിച്ചു.  ഭാവി എന്തെന്ന വലിയ ചോദ്യചിന്ഹത്തെ തട്ടി തെറുപ്പിച്ച് അവൾ തന്റെ സ്വപ്നങ്ങളെ തേടി യാത്രയായി.

വർഷങ്ങൾ ഒരുപാടു കടന്നു പോയി.  ഇന്നും അവൾ രോഗവിമുക്തയായില്ല. ഈ രോഗം ഇന്നവൾക്കൊരു ഉറ്റ ചങ്ങാതിയായി മാറിയിരിക്കുന്നു.  ഓരോ ദിവസവും അമൂല്യമെന്നു പഠിപ്പിച്ച, സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഊർജം നല്കിയ, ജീവിക്കാൻ വീണ്ടും വീണ്ടും കൊതിയുണർത്തിയ ഒരു നല്ല സുഹൃത്ത്.  

അവളുടെ നേട്ടങ്ങളുടെ പട്ടിക വലുതാണ്.  ഔദ്യോഗിക ജീവിതത്തിലെ ഉയർച്ചയാണെങ്കിലും, ഉന്നത പഠനത്തിലെ വിജയമാണെങ്കിലും, കുടുംബജീവിതത്തിലെ സന്തോഷമാണെങ്കിലും - അവൾ സന്തുഷ്ടയാണ്.  സ്വന്തമായി കുട്ടികളില്ല എന്ന ദുഖം അവൾ അറിഞ്ഞിട്ടില്ല. അതൊരു ദൈവ നിയോഗമായി കരുതി അവൾ അനാഥരായ ഒരുപാടു കുഞ്ഞുങ്ങൾക്കു സംരക്ഷണമേകുന്നു, അവർക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്നു. ഒരു പക്ഷെ ദൈവം ജീവിതത്തിൽ എല്ലാം വാരി കോരി തന്നിരുന്നുവെങ്ങിൽ ഇങ്ങനൊന്നും ചെയ്യാൻ തോന്നില്ലായിരുന്നെനിരിക്കണം.

ജീവിതത്തിൽ ഇത്രയുമധികം സംതൃപ്തയായ, സന്തുഷ്ടയായ അവളെന്ന വ്യക്തിയെ ഈ സമൂഹത്തിനു പരിചയമില്ല. പണ്ടു സുന്ദരിയായിരുന്ന, ഇന്നു മെലിഞ്ഞുണകിയ ആ സ്ത്രീ രൂപത്തെ മാത്രമാണ് അവർക്ക് പരിചയം.  അതുകൊണ്ടുതന്നെയാണ്, സഹതാപത്തിന്റെ നിഴലേൽകാതെ, രോഗന്വേഷണത്തിനു കാതോർക്കാതെ, ആരുടേയും കണ്ണിൽ പെടാതെ, അവൾ ആ വീഥിയിലൂടെ അന്നും തല താഴ്‌ത്തി പിടിച്ചു നടന്നതു.

അവളുടെ നേട്ടങ്ങളെല്ലാം അവൾക്കു സ്വന്തം, ദുഖങ്ങൾ ഈ സമൂഹത്തിനും!

Monday, 12 September 2016

പൊന്നിയുടെ പാദസരം

പൊന്നിക്കുട്ടിക്ക് തിളങ്ങുന്ന ഒരു പാദസരം വേണം. സ്കൂളിൽ തന്റെ കൂടെ പഠിക്കുന്ന എല്ലാ കുട്ട്യോൾക്കും ഉണ്ട് നല്ല കിലുകിലെ കിലുങ്ങുന്ന ഓരോ ജോഡി പാദസരം. അതും കിലുക്കി അവർ അവളോടൊത്തു ഓടിയും ചാടിയും ഒക്കെ കളിക്കുമ്പോൾ, പൊന്നിയുടെ മനസ്സിൽ ആകെ ഒരു വിതുമ്പലാണ്. കഴിഞ്ഞ സ്കൂൾ യുവജനോത്സവത്തിനു പൊന്നിയും ഉറ്റ സുഹൃത്ത് മീനാക്ഷിയും കൂടി പാട്ടുമത്സരത്തിനു ചേർന്നു. അന്നു പൊന്നി പാട്ടിന്റെ അവസാനത്തെ രണ്ടു വരി മറന്നു പോയ കാരണം സമ്മാനമൊന്നും കിട്ടിയില്ല. അതിൽ അവൾക്കു തെല്ലു സങ്കടോമില്ല. പക്ഷെ മീനാക്ഷിക്കു ഒന്നാം സമ്മാനം കിട്ടി. അന്ന് ഇതേ തരത്തിലുള്ള ഒരു വിതുന്പൽ, പൊന്നിയുടെ കുഞ്ഞു മനസ് അനുഭവിച്ചത്‌ അവൾ വേദനയോടോർത്തു.

തന്റെ കൂട്ടുകാരിയാണേലും, കൂട്ടത്തിൽ അല്പം പോസ് കൂടുതൽ ഉള്ള ബെറ്റിക്ക് ഒരു പതിനായിരം മണികളുള്ള അസ്സലൊരു പാദസരമാണുള്ളത്. അതിന്റെ ശബ്‍ദം ഒരല്പം ഭയങ്കരം തന്നെ. പാതിരാത്രി വല്ലോം കേട്ടാൽ, യക്ഷിയാണെന്നു കരുതി മരിച്ചു പോകും. പൊന്നി ഒരു ഞെട്ടലോടെ ഓർത്തു. അതു വേണ്ട. മീനാക്ഷിക്കുള്ള പോലത്തെ ചെറുതൊരെണ്ണം മതി. ഇടയ്ക്കിടെ മണികൾ, പിന്നെ നല്ല ചുവന്ന കല്ലുകൾ. പൊന്നിയുടെ മനസ്സിൽ ആശ മൂത്തു.

പക്ഷെ, വീട്ടിലെ അവസ്ഥയൊക്ക പൊന്നിക്ക് നന്നായി അറിയാവുന്നതാണ്. വയസ്സ് പത്തേ ഉള്ളെങ്കിലും അവൾ അഞ്ചാറു കൊല്ലം സ്കൂളിൽ പോയ കുട്ടിയല്ലേ. അതിന്റെ കാര്യ വിവരോം ഒക്കെ അവൾക്കുണ്ട്.  വീട്ടിൽ പൈസക്ക് ഒരൽപ്പം ബുദ്ധിമുട്ടാണ്. അതു കൊണ്ട് തന്നെ പാദസരത്തിന്റെ കാര്യം അവൾ ഇതുവരെ ആരോടും മിണ്ടിയിട്ടില്ല. 

പൊന്നിയുടെ അച്ഛൻ കിളയ്ക്കാനും, തെങ്ങു കയറാനും, ഓലമേയാനും എന്ന് വേണ്ട എന്ത് പണിക്കും ഒരു മടിയുമില്ലാതെ പോകുന്നത് അവൾ കാണാറുള്ളതാണ്.  അവൾക്കു വേണ്ട പാവാടേം, ഉടുപ്പും, കളിപ്പാട്ടോ, പുസ്തകോം, ഉണ്ണിയപ്പോം എല്ലാം വാങ്ങി തരും. പിന്നെ വൈകിട്ട് അവളോടൊത്തിരുന്നു പാട്ടു പാടും, കഥകൾ പറയും. പക്ഷെ അച്ഛൻ ഒന്നു മാത്രം ചെയ്യില്ല. അമ്മമ്മ വരാന്തയിൽ വിളക്കു കത്തിച്ചു വെച്ചാൽ, അച്ഛൻ ഒന്നു തൊഴുക പോലും ചെയ്യാതെ വീടിനകത്തേക്ക്ങ്ങു കയറി പോകും. അച്ഛന് ദൈവത്തിൽ വിശ്വാസമില്ലത്രെ! അച്ഛൻ കമ്മ്യൂണിസ്റ്റ് ആണ്. അതെന്താണെന്നു പൊന്നിക്കറിയില്ല.

പൊന്നി രണ്ടും കൽപ്പിച്ചു അമ്മമ്മയോടു മനസ്സു തുറന്നു,  "എനിക്കൊരു പാദസരം വേണം. നല്ല ചേലുള്ള ഒരെണ്ണം. വെള്ളി നിറത്തിലുള്ളത്.  ചുവന്ന നിറമുള്ള കല്ലുകൾ പതിപ്പിച്ചത്."  അവൾ വിസ്തരിച്ചു. അമ്മമ്മ പറഞ്ഞു, "കുട്ടി പോയി വിളക്കത്തിരിക്കുന്ന ഗണപതി ഭഗവാനോട് പറ. എന്ത് ആഗ്രഹോം സാധിച്ചു തരും."

പൊന്നുക്കുട്ടിക്കു ഇതു വിശ്വസിക്കാൻ ആവുന്നില്ല!  ഇത്രക്ക് എളുപ്പമായിരിക്കും തന്റെ ആശക്കുള്ള പരിഹാരം എന്ന് അവൾക്കറിയില്ലായിരുന്നു.  പക്ഷെ, ഒന്നും അങ്ങോട്ട് കൊടുക്കാതെ ഇക്കാലത്തു ആരാ ഒരു ഉപകാരം ചെയ്യാ? അല്ല, വയസ്സ് പത്തേ ഉള്ളെങ്കിലും അവൾ അഞ്ചാറു കൊല്ലം സ്കൂളിൽ പോയ കുട്ടിയല്ലേ! ക്ലാസ്സിൽ സംസാരിച്ചാലും ക്ലാസ്സ്‌ലീഡർ സുമേഷ് പേര് എഴുതരുതെങ്കിൽ, ഒരു മിഠായി മേടിച്ചു കൊടുത്താൽ മതി. ഉച്ചക്ക് മീനാക്ഷിയുടെ ചോറ്റു പാത്രത്തിലെ ഒരു കഷ്ണം മീൻ കിട്ടണേൽ, പൊന്നിയുടെ പാത്രത്തിലെ രണ്ടു ലവ് ലോലിക്ക കൊടുത്താൽ മതി. അതു കൊണ്ട് ഒന്നും കൊടുക്കാതെ ഭഗവാൻ കാര്യം നടത്തി തരില്ലെന്ന് അവൾക്കുറപ്പായിരുന്നു.

അമ്മമ്മയ്ക്കു ഭഗവന്മാരെപ്പറ്റി എല്ലാം അറിയാം. അമ്മമ്മേടെ എല്ലാ കഥയുടെ അവസാനോം ഉണ്ടു ഓരോ ഭഗവാന്റെ അവതാരം. ആഗ്രഹം സാധിച്ചു തരാനോ, ആപത്തിൽ നിന്നു രക്ഷിക്കാനോ, നേർ മാർഗം കാണിച്ചു കൊടുക്കാനോ അങ്ങനെ എന്തിനേലും.  ചിലപ്പോൾ ഈ കൃഷ്ണനും ഗണപതീം ഒക്കെ അമ്മാമ്മേടെ അകന്ന ബന്ധുക്കളാണോ എന്ന് വരെ പൊന്നിക്കു തോന്നിയിട്ടുണ്ട്.

അമ്മമ്മ ഒരിക്കൽ പറഞ്ഞിട്ടുണ്ട് ഗണപതി ഭഗവാനു ഉണ്ണിയപ്പമാണ് ഏറ്റവും പ്രിയമെന്നു.  അതു കാര്യമായി. അമ്മമ്മ പൊന്നിക്കായി പ്രത്യേകം ഉണ്ടാക്കിയ ഉണ്ണിയപ്പത്തിൽ നിന്നും രണ്ടെണ്ണം അവൾ നാളെ കഴിക്കാനായി മാറ്റി വെച്ചിട്ടുണ്ടായിരുന്നു. അത് രണ്ടും അവൾ ആരും കാണാതെ വിളക്കത്തു ഭഗവാന്റെ മുന്നേ കൊണ്ട് വെച്ചു.  അവൾ ഗണപതിയുടെ വിഗ്രഹത്തിലേക്കു ഒന്നു നോക്കി. ഇതുവരെ തോന്നാതെ ഒരു ചെറു പുഞ്ചിരി ഭഗവാന്റെ മുഖത്തു അവൾ ശ്രദ്ധിച്ചു.  അവൾക്കു കാര്യം നടക്കുമെന്നുറപ്പായി.   

ഇതേ സമയം. 

സ്ഥലത്തെ പുതുപണക്കാരനായ മോഹൻലാലിനു ഒരു മോഹം. അതിനു മുന്നേ, പി. മോഹനൻ എങ്ങനെ മോഹൻലാൽ ആയി എന്നതു ഒരു ചെറുകഥയാണു.  അഞ്ചു കൊല്ലം മുന്നെ കള്ള വിസയിൽ ലണ്ടനിൽ എത്തിയ മോഹനന്, അവിടുത്തെ പണക്കാരനായ തന്പി ചേട്ടൻ ഒരു ഡ്രൈവർ ജോലി കൊടുത്തു. കുബുദ്ധി രക്തത്തിൽ അലിഞ്ഞു ചേർന്ന മോഹനന് വേറെ പല ഉദ്ദേശങ്ങളും ഉണ്ടായിരുന്നു. വണ്ടി ഓടിച്ചു, വണ്ടി ഓടിച്ചു അയാൾ തന്പി ചേട്ടന്റെ എല്ലാമെല്ലാമായ ഏക പുത്രി സുമയുടെ ഹൃദയത്തിൽ കയറി പറ്റി.

സുമക്കു മോഹനൻ ഇല്ലാതെ ഒരു ജീവിതം വേണ്ട എന്നു തറപ്പിച്ചു പറഞ്ഞിരിക്കുന്നു. തന്പി ചേട്ടൻ പെട്ടു എന്നു പറഞ്ഞാൽ മതിയല്ലോ. കുറഞ്ഞതു ഒരു ഡോക്ടർ എങ്കിലും മരുമകനായി വേണം എന്നാഗ്രഹിച്ച തന്പി ചേട്ടനു കിട്ടിയതോ പാഷാണത്തിൽ കൃമി എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ആറു ബോറൻ തരികിടയെ.  യോഗ്യത, പത്താം ക്ലാസും ഗുസ്തിയും! പ്രേമം അസ്ഥിക്ക് പിടിച്ചാൽ എന്താ ചെയ്ക!

കല്യാണം കഴിഞ്ഞു. മോഹനൻ തന്റെ തനി നിറം പുറത്തെടുക്കാൻ തുടങ്ങി. ലണ്ടനിലെ തമ്പി ചേട്ടന്റെ ബിസിനസ് ഭരണം മോഹനൻ മൊത്തമായി ഏറ്റെടുത്തു.  പാവം തന്പി ചേട്ടൻ വീട്ടിൽ തന്നെ ഇരുപ്പായി.  ഇതൊന്നും പോരാഞ്ഞു, കൊള്ള പലിശക്ക് കടം കൊടുക്കുന്ന ഒരു ചെറിയ ബ്ലേഡ് കമ്പനി സ്വന്തം നാട്ടിലും തുടങ്ങി. തന്റെ നാട്ടുകാർ പൈസ ഇല്ലാതെ അലയാൻ പാടില്ല, അതാണ് വാദം.  മോഹനന്റെ സ്നേഹത്തിന്റെ രുചി നാട്ടുകാർക്കെല്ലാം സുപരിചിതമായി തുടങ്ങി. പലിശയും മൊതലും തിരിച്ചടക്കാൻ കഴിയാത്ത പല പാവങ്ങളുടെ വീടും സ്ഥലവും മോഹനൻ അപഹരിച്ചു തുടങ്ങി.  

പണത്തിനു മേലെ പരുന്തും പറക്കില്ല എന്നതു മോഹനന് ഒരു ലഹരിയായി മാറി. അപ്പോഴാണ് തന്റെ ഈ പി. മോഹനൻ എന്ന പേരു ഒരു കുറവായി അയാൾക്ക്‌ തോന്നിയതു. പിന്നെ വെച്ചു താമസിപ്പിച്ചില്ല. മലയാളികൾക്ക് ഏറ്റവും പ്രിയങ്കരനായ മോഹൻലാലിൻറെ പേര് തന്നെ തനിക്കാകാമെന്നു മോഹനന് തോന്നിപോയി. പേരു മാറ്റി, പക്ഷെ ആരും മോഹനനെ മോഹൻലാൽ എന്ന് വിളിച്ചില്ല!

എല്ലാ ക്കൊല്ലത്തെയും പോലെ, ഇത്തവണയും മോഹനൻ അവധിക്കു കുടുംബ സമേതം നാട്ടിൽ എത്തിയതാണ്. ആദ്യം തന്നെ കേരളത്തിൽ ഉടനീളമുള്ള അന്പല സർകീട്ടു നടത്തി. ഭഗവാന്മാർ ഒരാൾ വിടാതെ എല്ലാരേം പ്രീതിപ്പെടുത്തി. ആര് എപ്പോളാണ് ഉപകാരപെടുന്നേ എന്ന് അറിയില്ലല്ലോ. പോരാതെ, അവരുടെ അനുഗ്രഹമാണല്ലോ തന്റെ ഈ സൗഭാഗ്യങ്ങളുടെ ഒക്കെ രഹസ്യം! ദൈവ പ്രീതി കഴിഞ്ഞാൽ പിന്നെ സുഹൃത്തുക്കളുമൊത്തുള്ള ആഘോഷമാണ്. കള്ളും, മീനും, കോഴിയും, പോത്തും ഒക്കെ തീൻ മേശ നിറയും.  പിന്നെ, പാട്ടും കൂത്തും, ഒക്കെയായി പൊടി പൂരമാണ്. 

പക്ഷെ, ഇത്തവണ മോഹനന് മനസ് തുറന്നു സന്തോഷിക്കാൻ കഴിയുന്നില്ല. ആക അസ്വസ്ഥനാണ്. എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്തെ പോലെ. സ്വന്തം നാട്ടിൽ ഒരു പേരിനായി മോഹനൻ കൊതിച്ചു. നാട്ടുകാരുടെ ബഹുമാനത്തിനായി അയാളുടെ ഹൃദയം വെമ്പി. സുമയുടെ ഉപദേശപ്രകാരം ബ്ലേഡ് കമ്പനി നിർത്തി. നാലാൾ കൂടുന്ന ഏതു സദസ്സിലും മോഹനൻ ഒരു മാന്യന്റെ വേഷമണിഞ്ഞു.  ക്ഷേത്രത്തിൽ അന്നദാനം നടത്തി. എന്നിട്ടും നാട്ടുകാരുടെ സ്നേഹം മോഹനന് തിരിച്ചു പിടിക്കാൻ ആയില്ല. സുഹൃത്തുക്കളാണെന്നു പറഞ്ഞു തന്റെ കള്ളു മോന്തുന്നവർ പോലും താൻ കേൾക്കാതെ തന്നെ പറ്റി ദുഷിക്കുന്നു. 

പകരം വീട്ടണം.  തന്റെ വിലമനസിലാക്കാത്ത ഈ നാട്ടുകാർക്ക് താൻ ആരാണെന്നു കാണിച്ചു കൊടുക്കണം. മോഹനൻ ഉറപ്പിച്ചു

സ്ഥലത്തെ പ്രമാണിയും വല്യ തറവാടിയുമായ നാരായൺ ചേട്ടൻ നാട്ടിൽ പുതിയ ഒരു സ്കൂൾ തുടങ്ങുന്നു. അത് മോഹനന് ഉത്‌ഘാടനം ചെയ്യണം. നാട്ടുകാർക്കെല്ലാം നാരായൺ ചേട്ടൻ കൺകണ്ട ദൈവമാണ്. ദാനശീലൻ, മനുഷ്യ സ്‌നേഹി.  ആത്മാർഥമായി ആര് വന്നു കേണാലും സഹായിക്കുന്ന മഹാ മനസ്കൻ. ഇത് നടന്നാൽ നാട്ടുകാർ തന്നെ അംഗീകരിക്കും.  വാനോളം പുകഴ്ത്തും. 

മോഹനൻ നാരായണൻ ചേട്ടനെ പോയി കണ്ടു. ആഗ്രഹം ബോധിപ്പിച്ചു. പതിവിനു വിപരീതമായി ഉത്‌ഘാടനം ചെയ്യാൻ ഒരു അവസരം നൽകിയാൽ നല്ലൊരു തുക അങ്ങോട്ട് നൽകാമെന്നും മോഹനൻ വാഗ്ദ്ധാനം നൽകി. ഇത് കേട്ടു ഒന്ന് ചിരിച്ചുകൊണ്ടു നാരായണൻ ചേട്ടൻ മറുപടി പറഞ്ഞു, "ഒരു സ്കൂൾ ഉത്‌ഘാടനം ചെയ്യാൻ അതിന്റേതായ യോഗ്യത വേണ്ടേ മോഹനാ? അത് നമ്മുടെ മാധവൻമാഷ് നിർവഹിക്കും. നാട്ടിൽ പേര് വേണേൽ, നീ കൊള്ള പലിശക്ക് അപഹരിച്ച വസ്തുവും വീടുമെല്ലാം നാട്ടുകാർക്ക് തിരിച്ചു കൊടുക്ക്".  മോഹനന്റെ രക്തം തിളച്ചു.  കഷ്ടപെട്ടുണ്ടാക്കിയ സ്വത്തെല്ലാം തിരിച്ചു കൊടുക്കാനോ?! നന്നായി കഥ!

മോഹനൻ ഒന്നും പറയാതെ അവിടെനിന്നിറങ്ങി. പക്ഷെ അയാൾ ആശ കൈവിട്ടില്ല. തലപ്പത്തുള്ള പല ആളുകളെയും കൊണ്ട് നാരായൺ ചേട്ടനെ സ്വാധിനിക്കാൻ ശ്രമിച്ചു. ഒരു കാര്യവും ഉണ്ടായില്ല. എല്ലാം പോട്ടെ, ഒരു ആവേശത്തിൽ താൻ ആണ് സ്കൂൾ ഉൽഘാടനം ചെയ്യുന്നേ എന്ന് പത്തു പേരോട് പറഞ്ഞും പോയി.  ഇനി അത് നടന്നില്ലേൽ നാട്ടിൽ എങ്ങനെ തല ഉയർത്തി നടക്കും?

മോഹനൻ അവസാന അടവു പയറ്റാൻ തന്നെ തീരുമാനിച്ചു.  അയാൾ തന്നെക്കാളും, തന്റെ ഭാര്യയേക്കാളും വിശ്വസിക്കുന്ന ഒരാൾ ഉണ്ട് ഈ ഉലകത്തിൽ. ശാസ്ത്രി സർ, ജ്യോത്സ്യനാണ്. "ആരെയാണു പിടിക്കേണ്ടത്?", മോഹനൻ ആവേശത്തോടെ ചോദിച്ചു.  "ആഗ്രഹത്തിന് വിഘ്നം ആണല്ലോ പ്രശ്നം. അപ്പോൾ വിഘ്നേശ്വരൻ ആവും അല്ലെ?" മോഹനൻ തന്നെ മറുപടിയും പറഞ്ഞു. ശാസ്ത്രിക്ക് ഇത് ഒട്ടും ഇഷ്ടമായിട്ടില്ല. സ്വരത്തിൽ നീരസം, "മോഹനൻ, ആളുകളുടെ മനസ് മാറ്റാനുള്ള വിദ്യ എനിക്കറിയില്ല. ഞാൻ ഇപ്പോൾ അല്പം തിരക്കിലാണ്." ഫോൺ വെച്ചിരിക്കുന്നു. ദേഷ്യക്കാരനാണ്. 

പക്ഷെ ഇത് ഗണപതി വിചാരിച്ചാൽ നടക്കും. മോഹനന് ഉറപ്പിച്ചു. തന്റെ തെങ്ങിൻ തോട്ടത്തിലെ മൊത്തം തേങ്ങയും ഗണപതിക്ക്‌. ഇതിൽ കാര്യം നടക്കും. നാരായണൻ ചേട്ടൻ തൻറെ വഴിക്കു വരും. 

നല്ല തണ്ടും തടിയുമുള്ള നാലഞ്ചു തെങ്ങു കയറ്റക്കാരെ തോട്ടത്തിലേക്ക് ഏർപ്പാടാക്കാൻ മോഹനൻ ആളെ അയച്ചു. അതിൽ തണ്ടും തടിയുമുള്ള ഒരാൾ നമ്മുടെ പൊന്നുക്കുട്ടിയുടെ അച്ഛനാണ്. ഒരു നല്ല കോളൊത്തു എന്നു പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്. പൊന്നുക്കുട്ടിക്കു സന്തോഷമായി. ഇന്ന് രാത്രി അച്ഛനോട് പാദാസരത്തിന്റ കാര്യം പറയാം. പൊന്നി ഉറപ്പിച്ചു.

എത്ര തെങ്ങു കയറി എന്നറിയില്ല. എത്ര തേങ്ങ ഇട്ടു എന്നും അറിയില്ല. മൊത്തം പൊതിച്ചു, വാരി കെട്ടി, പണിക്കാർ അന്പലത്തിൽ ഏല്പിച്ചു. മോഹനൻ പറന്പിൽ പോയില്ല, കാരണം ചൂട് സഹിക്കാൻ മേലെ! നാളെ അന്പലത്തിൽ പോയി ഒന്ന് തൊഴണം.  തേങ്ങാ അടിക്കാനും ഈ പണിക്കാർ തന്നെ വരും.

അച്ഛന് നല്ല വിശപ്പുണ്ടെന്നു തോന്നുന്നു. ചോറും, മോരും, ചമ്മന്തിയും കൂട്ടി കുഴച്ചു നല്ല കരിവാട് ചുട്ടതും കടിച്ചു അച്ഛൻ ഒരു കലം ചോർ ഉണ്ടുകാണും.  പൊന്നി അതിശയത്തോടെ നോക്കി നിന്നു.  ഉണ്ട് കഴിഞ്ഞു അച്ഛൻ വരാന്തയിൽ കാറ്റും കൊണ്ടിരിക്കയാണ്.  അച്ഛനോട് ആഗ്രഹം പറയാം, നല്ല കോളൊത്തു എന്ന് പറഞ്ഞതല്ലേ. അവൾ പതുക്കെ കൊഞ്ചി കൊഞ്ചി അടുത്ത് ചെന്നു. അവൾ എന്തേലും പറഞ്ഞു തുടങ്ങുന്നേനു മുന്നേ, അച്ഛൻ ഒരു പൊതി അവൾക്കായി നീട്ടി. അതിനുള്ളിൽ ഒരു കുഞ്ഞു പെട്ടിയിൽ നല്ല തിളങ്ങുന്ന, ചുവന്ന കല്ലുപതിപ്പിച്ച, കുഞ്ഞു മണികൾ ഉള്ള, നല്ല അസ്സലൊരു പാദസരം.

അച്ഛൻ ചോദിച്ചു, "പൊന്നിക്കുട്ടിക്കു ഇഷ്ടായോ?"

പൊന്നിയുടെ മുഖത്തെ അതിശയം കണ്ടു അമ്മമ്മയും അച്ഛനും ചിരിച്ചു പോയി.

അച്ഛൻ കൂട്ടിച്ചേർത്തു, "പൊന്നിക്കുട്ടിക്കു ഇനി എന്തു ആഗ്രഹമുണ്ടെലും അച്ഛനോട് വന്നു പറഞ്ഞാൽ മതി കേട്ടോ."

പൊന്നിക്കു സന്തോഷം കാരണം ഒന്നു മിണ്ടാൻ പോയിട്ട് ആ രാത്രി ഉറങ്ങാൻ കൂടി കഴിഞ്ഞില്ല. എങ്ങനേലും നേരം വെളുത്തു, പുതിയ പാദസരോം കിലുക്കി സ്കൂളിൽ പോയാൽ മതി. 

പിറ്റേന്ന് മോഹനന്റെ തേങ്ങ മൊത്തം പൊന്നീടെ അച്ഛനും സൃഹുത്തുക്കളും കൂടി അന്പലനടയിൽ ഉടച്ചു.

മോഹനന്റെ അവസാനത്തെ അടവുകളും ചീറ്റി പോയി. നാരായണൻ ചേട്ടന്റെ മനസ് മാറിയില്ല. അദ്ദ്ദേഹം ഉറപ്പിച്ചപോലെ തന്നെ മാധവൻമാഷ് സ്കൂൾ ഉത്‌ഘാടനം ചെയ്തു.  മോഹനൻ വീന്പ് പറഞ്ഞ സുഹൃത്തുക്കൾ അവനെ കളിയാക്കി ചിരിച്ചു. നാട്ടിൽ നിൽക്കാൻ പറ്റാതെ മോഹനൻ സുമയുമൊത്തു ലണ്ടനിലേക്ക് യാത്രയായി. ഇനി ഒരിക്കലും, ഈ നശിച്ച നാട്ടിലേക്ക് വരില്ല എന്ന് അയാൾ ഉറപ്പിച്ചു.  തിരിച്ചു പോകുന്ന വഴിയിൽ ഗണപതി അന്പലത്തിന്റെ മുന്നേ എത്തിയപ്പോൾ മോഹനൻ തല തിരിച്ചു കളഞ്ഞു. കൃഷ്ണനോ ശിവനോ ആയിരുനെങ്ങിൽ തന്നോട് ഈ പണി കാണിക്കില്ലായിരുന്നു എന്ന് അയാൾക്ക്‌ തോന്നി പോയി.

ഇതേ സമയം, തേങ്ങയുടെയോ ഉണ്ണിയപ്പത്തിന്റെയോ കണക്കറിയാതെ നമ്മുടെ പാവം കഥാനായകൻ ശ്രീകോവിലിൽ സ്ഥിതികൊണ്ടു.  

സന്മനസുള്ളവർക്കു സമാധാനം!

Wednesday, 22 January 2014

അറിയാതെ...

അന്നും മഴ പെയ്തിരുന്നു ...കവിഞ്ഞൊഴുകുന്ന തോടുകളും, നനഞ്ഞുലഞ്ഞു നില്‍കുന്ന പാടങ്ങളും...പിന്നെ തന്‍റെ ഈ മണ്ണിന്‍റെ മണവും അവളെ ഒരുപാടു വര്‍ഷങ്ങള്‍ക്ക് പിന്നിലേയ്ക്ക് കൊണ്ടുപോയി!

അന്നവള്‍ ഒരു കൊച്ചു പെണ്‍കുട്ടി! നിറങ്ങളെയും ശലഭങ്ങളെയും സംഗീതത്തെയും സ്നേഹിച്ച ഒരു സാധാരണ പെണ്‍കുട്ടി...ഒരുപാടു സുഹൃത്തുകളുള്ള ഒരു കിലുക്കാംപെട്ടി! പഠിത്തത്തിലും അവള്‍ മിടുക്കിയായിരുന്നു! കഥകളെയും കവിതകളെയും അവള്‍ ഒരുപാടു സ്നേഹിച്ചു...അന്നെങ്ങോ വായിച്ച ഒരു കവിതയിലെ രാജകുമാരന്‍ അവളുടെ മനസ്സു കവര്‍ന്നു! ആരും അറിയാതെ അവള്‍ ആ രാജകുമാരനായി ഒരുപാടു കവിതകള്‍ എഴുതി...
അങ്ങനെ ഒരു ദിവസം...

പുതുവര്‍ഷത്തിലെ ഒരു പ്രഭാതം! മഴ പെയ്തു ഒന്നു തോര്‍ന്നതെയുള്ളു...
സ്കൂളിലെ അവസാന വര്‍ഷമാണ്‌. എന്നാലും അവള്‍കതില് വിഷമമൊന്നും തോന്നിയില്ല! ഇനിയും എത്രയോ പഠികണം അച്ഛന്‍ പറയുന്ന പോലെ പ്രശസ്തയാവാന്‍!
തന്‍റെ ജീവിതാഭിലാഷമാണു ഒരു പ്രശസ്തയാവുകയെന്നതു! പക്ഷെ എങ്ങനെയെന്നോ എന്തായെന്നോ അവള്‍ക്കറിയില്ല! അവളുടെ അച്ഛന്‍ പറയുന്നത് പഠിച്ചു മിടുക്കിയയാല്‍ പ്രശസ്തി തന്നെ തേടി വരുമെന്നാണ്! അവള്‍ അത് വിശ്വസിക്കുന്നു!

അന്ന്...
ആ മഴപെയ്തുതോര്‍ന്ന പ്രഭാതത്തില്‍ അവളുടെ സഹപാഠി രവിയോടൊത്തു അവള്‍ സ്കൂളിലേക്ക്‌ പുറപ്പെട്ടു! രവി, അവളുടെ വര്‍ഷങ്ങളായുള്ള ആത്മമിത്രം! തന്‍റെ കളിക്കൂട്ടുകാരന്‍! അധികമാരോടും ഒന്നും മിണ്ടാത്ത ഒരു പാവം പയ്യന്‍! എന്നാല്‍ അവളോടു മിണ്ടാന്‍ അവന് ഒരായിരം നാവാണ്‌!
പലപ്പോഴും അവളുടെ രാജകുമാരനെ പറ്റി അവള്‍ രവിയോട് പറഞ്ഞിട്ടുണ്ട്! അവള്‍ പറയുന്നതെല്ലാം അവന്‍ ഒരു പുഞ്ചിരിയോടെ കേള്‍ക്കും...അവളുടെ കവിതകള്‍ വായിച്ചു അഭിപ്രായം പറയും! അവളുടെ കഥയുടെ ഒരേയൊരു വായനകാരന്‍ എന്നത് കൊണ്ടുതന്നെ അവന്‍റെ അഭിപ്രായം അവള്‍ക്കു വിലമതികാനാകാത്തതാണ്!

"ഒരുപാടു നാളായി ഞാന്‍ ഒരു കൂട്ടം കാണിക്കണോന്നു വയ്കണു! ഇതൊന്നു വായിക്കോ?" രവി ഒരു കടലാസ് അവളുടെ മുന്നിലേക്ക് നീട്ടി!
"ഇതെന്താ? ഏ, നീ കവിതയെഴുതോ?" ഒരു കള്ളചിരിയോടെ അവള്‍ അവനെ നോക്കി! എന്നാല്‍ മറുപടിയായൊന്നും അവന്‍ പറഞ്ഞില്ല!
അതൊരു തുടക്കമായിരുന്നു! അവനും ഒരു രാജകുമാരിയെ പറ്റിയാണെഴുതിയത്...ഒരു രാജകുമാരനെ പ്രണയികുന്ന കവിതകളെഴുതുന്ന ഒരു രാജകുമാരി! അവന്‍റെ കവിത വായിക്കവേ അവളുടെ മനസ്സില്‍ അവളുടെ രാജകുമാരന്‍റെ മുഖം തെളിഞ്ഞു വന്നു...പക്ഷേ ഇത്തവണ എല്ലാം വ്യക്തമായിരുന്നു...അവന് രവിയുടെ മുഖമായിരുന്നു!

അവര്‍ പരസ്പരം ഒരുപാടു കവിതകളെഴുതി! സ്നേഹം വാക്കുകളില്‍ ഒഴുകുമ്പോള്‍ അവന്‍ അവളിലെ കവിയെ തോട്ടുണര്‍ത്തുകയായിരുന്നു!

അങ്ങനെ ഒരു വര്‍ഷം കടന്നുപോയി! സ്കൂള്‍ ജീവിതത്തോട് വിടപറയുമ്പോള്‍ ഇത്രയതികം വിഷാദം അനുഭവപ്പെടുമെന്നു അവള്‍ അറിഞ്ഞിരുന്നില്ല! ഉപരി പഠനത്തിനായി പലരും പലവഴിക്കു തിരിഞ്ഞു! അവളുടെ അച്ഛനു സ്ഥലമാറ്റം കൂടിയായപ്പോള്‍ അവള്‍ ആ നാടിനോട് വിടപറയുകയാണെന്നു അവള്‍ക്കുറപ്പായി! ആ നാട്ടില്‍ അവളുടെ കവിയെയും കവിതകളെയും ഉപേക്ഷിച്ചു അവള്‍ യാത്രയാവുകയായി!

അന്നവസാനമായി അവനെ കണ്ടനാള്‍ ! കവിതകള്‍ അയയ്ക്കാമെന്നു ആണയിട്ടു അവര്‍ പിരിഞ്ഞു! വര്‍ഷങ്ങള്‍ കടന്നു പോകവേ, അവര്‍ നാടുകള്‍ മാറി ചെക്കേറവേ എന്നോ എപ്പോഴോ അവര്‍ തമ്മില്‍ എന്നെനേക്കുമായി വിട പറഞ്ഞു!

ഇന്നവള്‍ ഒരു മധ്യവയസ്ക! പ്രശസ്തയായ എഴുത്തുകാരി! അവനായി എഴുതിയ കവിതകളെല്ലാം ഇന്നൊരായിരം പേര്‍ വായിച്ചു! പക്ഷേ അതെഴുതിയതാര്‍ക്കോ അവന്‍ വായിച്ചുവോ?!!

അവളുടെ നൂറു ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് രണ്ടു ദിവസം മുന്പ് അവള്‍ക്കാ കവിത കിട്ടുന്നതു! ഒപ്പം ആ സന്ദേശവും...
നമുക്കു കാണാം, ആ പഴയ ആറ്റിന്കരയില്‍ ഈ പുതുവര്‍ഷപുലരിയില്‍ !

ഇന്നു തന്‍റെ കവിയെ തേടി അവള്‍ എത്തിയിരിക്കയാണ്! ഒരായിരം സ്വപ്‌നങ്ങള്‍ കണ്ട അതേ ആറ്റിന്കരയില്‍!

സൂര്യന്‍ ഉദിച്ചുവരികയാണ്...കുളിര്‍കാറ്റേറ്റു അവള്‍ ആ പുണ്യമുഹൂര്‍ത്തത്തിനു സാക്ഷ വഹിച്ചു! അകലെനിന്ന് ഒരു രൂപം അവളുടെ അടുത്തേക്ക് നടന്നണഞ്ഞു! സൂര്യരശ്മികള്‍ അവളുടെ കണ്ണുകളിലേയ്ക്ക് അഴ്നിറങ്ങി! എത്ര ശ്രമിച്ചിട്ടും ഒന്നും കാണാന്‍ കഴിയുന്നില്ല! അവള്‍ തന്‍റെ കണ്ണുകള്‍ മെല്ലെ തുറന്നു!
തന്‍റെ മുന്നില്‍ നില്‍കുന്ന മനുഷ്യന്‍ ഒരുപാടു മാറിയിരിക്കുന്നു! മെലിഞ്ഞു, തളര്‍ന്ന കണ്ണുകളും, മങ്ങിയ വേഷവും...ആകെ ക്ഷീണിതനായി...!!!

"രവി?..." അവള്‍ സംശയത്തോടെ ചോദിച്ചു.

"അതെ, ഞാന്‍ ഒരുപാടു മാറിയല്ലേ?" അവന്‍ സ്വരം താഴ്ത്തി ചോദിച്ചു. അവള്‍ സംശയത്തോടെ അവനെ നോക്കി. പണ്ടു ഒരുപാടു കവിതകളെഴുതിയ അവന്‍റെ കണ്ണിലെ മങ്ങാത്ത തിളക്കം ഇന്നു കാണാനില്ല...അവന്‍ ആകെ മാറിയിരിക്കുന്നു!

"നീ അറിയാത്ത ഒരുപാടു സംഭവങ്ങള്‍ എന്‍റെ ജീവിതത്തിലുണ്ടായി!
ഒരു നാടക കമ്പനിയില്‍ നാടകകൃത്തായി ഞാന്‍ ജോലി ചെയ്തിരുന്നു! പക്ഷേ മിക്ക കലാകാരന്മാര്‍ക്കും സംഭവിക്കുന്നതുതന്നെ എനിക്കും സംഭവിച്ചു! ഞാന്‍ മദ്യത്തിനു അടിമയായി! കഴിഞ്ഞ കുറെ വര്‍ഷം എന്തൊക്കെ സംഭവിചെന്നു പോലും എനിക്ക് ഓരോര്‍മയുമില്ല! ഇപ്പോള്‍ ഇല്ലാത്തെ അസുഖമില്ല!..."
അവളുടെ കണ്ണുകള്‍ നിറഞ്ഞു! ഒരിക്കലും പ്രതീക്ഷിക്കാതത്തൊക്കെയാണല്ലോ തനിക്ക് ജീവിതം സമ്മാനികുന്നത്!

"എന്‍റെ ഭാര്യക്കും മക്കള്‍ക്കും ഇനിയേലും എനിക്ക് താങ്ങും തണലുമാവണം!
നിന്‍റെ പുതിയ കവിത ഞാന്‍ വായിച്ചു! അതില്‍ എന്നെ പറ്റിയാണ് നീ എഴുതിയതെന്നു എനിക്ക് തോന്നി! നിന്‍റെ കല്യാണം?!"
അവള്‍ കണ്ണുകളുയര്‍ത്തി അവനെ നോക്കി! അവന്‍ ഒരു കുറ്റവാളിയെ പോലെ തല കുനിച്ചു നിന്നു!
"എന്‍റെ കല്യാണവും കഴിഞ്ഞു...എല്ലാരും സുഖമായി ഇരിക്കുന്നു! പിന്നെ ആ കവിത, അത് എന്‍റെ രാജകുമാരനെ പറ്റിയാണ്! എനിക്ക് ഒരിടം വരെ പോകാനുണ്ട്! എന്തെങ്ങിലും അവശ്യം വന്നാല്‍ എന്നെ അറിയിക്കാന്‍ മടികരുത്!"

ഇത്രയും പറഞ്ഞു അവള്‍ തന്‍റെ കാറില്‍ കയറി യാത്രയായി! ആറ്റിന്‍കരയില്‍ നില്‍കുന്ന ആ മനുഷ്യരൂപം ചെറുതായി ചെറുതായി അവളുടെ ദൃഷ്ടിയില്‍ നിന്നും മാഞ്ഞു!...

ഇങ്ങനെയോന്നുമായിരുന്നില്ല അവള്‍ ഈ കൂടികാഴ്ച സങ്കല്പിച്ചിരുന്നത്! അവള്‍ ഇത്രയും കൊല്ലം ആര്‍ക്കു വേണ്ടി കാത്തിരുന്നുവോ അവന്‍ ഒരു നിമിഷം കൊണ്ടു അവളുടെ സ്വപ്‌നങ്ങള്‍ തട്ടി തകര്‍ത്തു!
വിവാഹം കഴിഞ്ഞെന്നു ഒരു നുണ പറഞ്ഞെങ്കിലും സത്യാവസ്ത അവനറിയാതെ വരില്ല! അവള്‍ പ്രശസ്തയായ ഒരു എഴുത്തുകാരിയല്ലേ!

തന്‍റെ ഉള്ളിലുള്ള കവിയെ ഉണര്‍ത്താന്‍ ദൈവം നിയോഗിച്ചതാവുമവനെ! എല്ലാ മനുഷ്യരെയും നമ്മള്‍ കണ്ടുമുട്ടുനതു ഓരോ നിയോഗമനുസരിച്ചാവും!

അവളുടെ കണ്ണുകള്‍ അപ്പോളും നനഞ്ഞിരുന്നു! മഴയുടെ തേങ്ങല്‍ അവളുടെ ഹൃദയമിടുപ്പായി മാറിയിരുന്നു!!!

Sunday, 19 August 2012

കഥാപുരുഷന്‍

Dedicated to our Achachan, Sri.O Madhavan, on his 7th death anniversary!

കുരുക്ഷേത്ര യുദ്ധത്തിന്‍റെ സാരാംശങ്ങള്‍ ഞാന്‍ കൌതുകത്തോടെ കേട്ടിരുന്നു. മഹാഭാരതത്തിലെ എല്ലാ കഥാപാത്രങ്ങള്‍ക്കും എന്‍റെ മനസ്സില്‍ വ്യക്തമായ ഓരോ രൂപമുണ്ടായിരുന്നു. കഥയിലെ സംഭാഷണങ്ങള്‍ എന്‍റെ മനസിലെ രൂപങ്ങള്‍ ഏറ്റു പറഞ്ഞു.
എനിക്കുമുണ്ടായിരുന്നുഒരചാച്ചന്‍..., ഒരുപാടു കഥകളും കവിതകളും പറഞ്ഞുതന്നു എന്നെസ്വപ്നം കാണാന്‍പഠിപ്പിച്ച, ചിന്തിക്കാന്‍ പഠിപ്പിച്ച എല്ലാത്തിനുമുപരി എന്നെ ജീവിക്കാന്‍ പഠിപ്പിച്ച എന്‍റെ അച്ചാച്ചന്‍...............

ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, " ഈ മഹാഭാരത കഥ ശരിക്കും നടന്നതാണോ അതോ വെറും കഥയാണോ?", ഒരു ചെറുപുഞ്ചിരിയോടെ അദ്ദേഹം മറുപടി നല്‍കി--"ഇതൊരു കഥയാണോ നടന്നതാണോ എന്നത് ഒരു വിഷയമല്ല, നമ്മള്‍ മനസിലാക്കേണ്ടത് ഈ കഥകള്‍ നമുക്ക് പറഞ്ഞു തരുന്ന പാഠങ്ങളാണ്‌.. ...പാണ്ഡവര്‍ ഓരോരുത്തര്‍ക്കും ഓരോ ഗുണങ്ങലുണ്ടായിരുന്നു. അതാണ് അവരെ വിജയികള്‍ ആക്കിയത്. യുധിഷ്ടരന്‍ ധര്‍മശാലിയും, ഭീമന്‍ ശക്തനും,അര്‍ജുനന്‍ അജയനും, നകുലന്‍ സുന്ദരനും, സഹദേവന്‍ ബുദ്ധിമാനുമായിരുന്നു. നല്ല പ്രവര്‍ത്തികള്‍ മാത്രം ചെയ്തു, തന്‍റെ കഴിവില്‍ വിശ്വസിച്ചു, ഒരു ലക്ഷ്യ ബോധത്തോടെ മുന്നോട്ടു പോയാല്‍ ആര്‍ക്കുംനമ്മളെ തോല്‍പ്പിക്കാനാവില്ല!".

ഈ സംഭവം ഇന്നലെ എന്നപോലെ ഞാന്‍ ഓര്‍ക്കുന്നു. അന്ന് ഞാനറിഞ്ഞില്ല അങ്ങ് പറഞ്ഞു തന്ന എണ്ണമറ്റ കഥകള്‍ എനിക്ക് ജീവിതത്തെ നേരിടാനുള്ള ആദ്യ പാഠങ്ങള്‍ ആയിരിക്കുമെന്ന്. ഞാന്‍ അദ്ദേഹത്തിന്‍റെ കാഴ്ചപാടുകളെയും, തത്വങ്ങളെയും അതീവമായി ആദരിക്കുന്നു. സ്വപ്നം കണ്ടാല്‍ മാത്രം പോരാ അത് പ്രാവര്‍ത്തമാക്കുകയു0 ചെയ്യണമെന്ന തത്വ൦,വിഗ്രഹത്തിനു പിന്നിലുള്ള ദൈവം നമ്മുടെ കര്‍മമാണെന്നുള്ള തത്വ൦, കര്‍മഫലം എന്ന ഒരു സ്വത്തു മാത്രമെ മരണശേഷവും നമ്മോടൊപ്പം ഉണ്ടാകുള്ളൂ എന്ന തത്വ൦.


ആരെയും തന്‍റെ വിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാതെ സ്വന്തം വിശ്വാസങ്ങളില്‍ ഒറച്ചുനിന്ന അച്ചാച്ചന്‍ ഞങ്ങളെയൊക്കെ വിട്ടുപോയിയെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. ജീവിതത്തില്‍ ഇരുട്ട് നിറയുന്ന വേളയില്‍ ഒരു മിന്നമിനുഗായോ അല്ലെങ്കില്‍ വരണ്ട മനസിന്‌ നാനവേകാന്‍ ഒരു ചെറു മഴയായോ ഒക്കെ അങ്ങ് ഞാങ്ങലോടോപ്പമുണ്ടെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ ഇവിടെ നല്ല മഴ, ആ മഴയ്ക്ക് നല്ല തണുപ്പും...

Wednesday, 2 January 2008

സംഭവാമി യുഗേ യുഗേ!

"അടുത്തതായി മുഖ്യമന്ത്രി ശ്രീമാന്‍ ശശിയെ വേദിയിലേയ്ക്കു സാദരം ക്ഷണിച്ചുക്കൊള്ളുന്നു..."
എങ്ങും കൈക്കൊട്ടും ആര്‍പ്പുവിളിയും ഉയര്‍ന്നു.
ഒരു ചെറു പുഞ്ചിരിയോടെ ശശി എഴുനേറ്റു കൈകൂപ്പി നിന്നു. പൊന്നാടയും പൂമാലയും അണിയിക്കാന്‍ അനേകമാളുകള്‍ അതാ തയ്യാറായി നില്‍ക്കുകയാണ്‌. ഓരോരുത്തരായി വന്നു ശശിയെ അവ അണിയിച്ചു. താമസിക്കാതെ തന്‍റെ മൂക്കറ്റം പൂമാലകൊണ്ടു നിറഞ്ഞു.

"ദൈവമേ, ഒരു പൂമാലകൂടെ വീണാല്‍ ഞാന്‍ ശ്വാസം മുട്ടി ചാകും..."
അതാ ഒരു കനത്ത പൂമാല!

"അമ്മേ...." ശശി ഉറക്കെ നിലവിളിച്ചു!

"എന്താടാ കിടന്നു നിലവിളിക്കുന്നേ?..."

"ഹൊ, വല്ലാത്തൊരു സ്വപ്നമായിപ്പോയി... ഈ മുഖ്യമന്ത്രിയാകുന്നതു അത്രയ്ക്കു എളുപ്പമൊന്നുമല്ല..."
കിടക്കെ കിടന്നുകൊണ്ടുതന്നെ ശശി അമ്മ ദേവകിയെ നോക്കി പറഞ്ഞു.

"ഞാന്‍ മുഖ്യമന്ത്രിയായാല്‍ പൂമാലയും പൊന്നാടയും പിടിക്കാന്‍ ഒരാളെക്കൂടെ കൊണ്ടു നടക്കണം!"

ഒരു പതിനായിരം വട്ടം കേട്ടതാണ് ശശിയുടെ ഈ മുഖ്യമന്ത്രിയായാലുള്ള കഥകള്‍. ദേവകി അത് ചെവിക്കൊള്ളാതെ നടന്നകന്നു. തന്നെ വകവെയ്കാത്ത കുടുംബാഗംങ്ങള്‍ ശശിക്കും ഒരു പുത്തരിയല്ല! ഇപ്പോള്‍ പറയത്തക്ക ജോലിയൊന്നുമില്ലെങ്കിലും, ഒരു ദിവസം ഇവരെല്ലാം തന്നെ വാനോളം പുകഴ്ത്തും! തന്നെ വിലമതിക്കും... തന്‍റെ കട്ടിലിനരികിലുള്ള പാര്‍ട്ടിയുടെ പതാകയെ വണങ്ങി ശശി തന്‍റെ ദിവസമാരംഭിക്കുകയായി!

കുളികഴിഞ്ഞു, വെള്ള മുണ്ടും ഷര്‍ട്ടുമിട്ടു, മുടികൊണ്ടു പതിവിലേറെ പൊക്കമുള്ള ഒരു കുരുവിക്കൂടുമുണ്ടാക്കി ശശി കണ്ണാടിയില്‍ തന്നെ ഒരു ഭാവി മുഖ്യമന്ത്രിയായി ചിത്രീകരിച്ചു! ഒരു ചെറു പുഞ്ചിരി ശശിയുടെ ചുണ്ടില്‍ വിടര്‍ന്നു! മുടി വെട്ടാന്‍ സമയമായെന്നും ശശിക്ക് തോന്നി... ഇനിയും കുരുവിക്കൂടു നീണ്ടാല്‍ വീട്ടിന്റെ വാതില്‍ കടക്കാന്‍ പറ്റാതാകും!

ഇനി പതിവു ചോദ്യം... ഇന്നെന്താണു ചെയ്യുക?! എന്തും തീരുമാനിക്കുന്നതിനു മുന്‍പ് ഇന്നത്തെ ജ്യോത്സ്യഫലം ഒന്നു നോക്കണം! തന്‍റെ കൂട്ടുകാര്‍ എല്ലാം നിരീശ്വരവാദികളാണു. അവരുടെ മുന്‍പില്‍ താനും അങ്ങനെതന്നെയാണ്... പക്ഷെ രഹസ്യമായി തനിക്കു പൂജയും ജ്യോത്സ്യവും എല്ലാമുണ്ടു! ദൈവഭയം ഇല്ലാതെ വെല്ലോം നടക്കുമോ?

"മാനഹാനി, ധനനഷ്ടം... ജീവിതത്തെ വഴിതിരിക്കുന്ന ഒരു സംഭവമുണ്ടാകും..."
ആദ്യഭാഗം അത്ര പ്രസന്നമല്ലെങ്കിലും ശശിക്കു അവസാനഭാഗം ആകാംശയേകി!
"ഇന്നെന്തോ നല്ല കാര്യം സംഭവിക്കും...തീര്‍ച്ച" ശശി ഓര്‍ത്തു.

"അപ്പോള്‍ ഇന്നെന്താണു ചെയ്യേണ്ടത്?!" വീട്ടില്‍നിന്നിറങ്ങി കവലയിലേയ്ക്കു നടക്കവേ ശശി ആലോചിച്ചു!

കവലയുടെ ഒരു മൂലയ്ക്കു ഒടിഞ്ഞു കുത്തി നില്‍കുന്ന പൈപ്പ്‌ ശശിയുടെ ശ്രദ്ധ പിടിച്ചു പറ്റി. "ഈ പൈപ്പ്‌ ഒന്നു നന്നാക്കിയാലോ?" ശശി ചുറ്റും ഒന്നു നോക്കി. "ഓ കാണാനാരുമില്ല, പിന്നെന്തിനാ?". ജനപ്രീതി നേടുക എന്നതു ഒരു രാഷ്ട്രീയക്കാരനു വളരെ അത്യാവശ്യമാണ്‌. പക്ഷേ ജനമില്ലാത്തിടത്തു കിടന്നു പണിഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ? ശശി തന്‍റെ വെളുത്ത കുപ്പായമൊന്നു നോക്കി... ജ്യോത്സ്യ ഫലവും മനസ്സില്‍ തെളിഞ്ഞു വന്നു... "ഓ മാനഹാനിയാകും, കുപ്പായം കേടുമാകും...വേണ്ടല്ലേ? എന്തിനാ വെറുതെ!!" ശശി പൈപ്പിനെ വകവയ്കാതെ മുന്നോട്ടു നടന്നു!

സ്ഥലത്തെ പേരുകേട്ട ചായക്കടയാണ് കുട്ടപ്പന്‍ ചേട്ടന്റേതു. ശശിയെപോലെത്തന്നെ പ്രത്യേകിച്ചു വേറെ ജോലിയോന്നുമില്ലാത്ത കുറച്ചു ചെറുപ്പകാരും ചായയും മോന്തി കടത്തിണ്ണയില്‍ ഇരിക്ക പതിവാണ്! അവിടേയ്ക്കു നടന്നു കൊണ്ടിരിക്കയാണ് ശശി ആ കാഴ്ച കണ്ടതു. രണ്ടു കുട്ടികള്‍ അതാ വഴിയരികില്‍ വിശന്നു തളര്‍ന്നിരിക്കുന്നു! കവലയില്‍ ആളുകള്‍ വന്നു തുടങ്ങുന്നതേയുള്ളു...കുറച്ചു കാക്കാം...കുറച്ചുകൂടി ആളുകള്‍ എത്തിയാല്‍ അവരുകാണെ രണ്ടു ബണ്ണു വാങ്ങി അവറ്റകള്‍ക്കു കൊടുക്കാം. "ധനനഷ്ടം" ...ശശി ജ്യോത്സ്യഫലം ഓര്‍ത്തു!

അതാ തങ്കമ്മ വരുന്നു... സ്ഥലത്തെ മലകറി കച്ചവടക്കാരിയാണു തങ്കമ്മ. ശശിയുടെ മനസ്സില്‍ തങ്കമ്മ കയറിപറ്റിയിട്ടു കാലം കുറച്ചായേ! ഇനി താമസിക്കേണ്ട! ആരു വന്നില്ലേലും ശശിക്കു അതൊരു വിഷയമല്ല! തങ്കമ്മ കാണെ രണ്ടു ബണ്ണു വാങ്ങി ശശി പിള്ളേര്‍ക്ക് കൊടുത്തു. അവരെ സ്നേഹപൂര്‍വ്വം തലോടികൊണ്ട് ശശി പറഞ്ഞു - " എന്‍റെ രാഷ്ട്രീയ പിന്‍ബലം കൊണ്ടു ഞാന്‍ ഈ ഗ്രാമത്തിലെ പട്ടിണി അകറ്റും!" കടക്കാരനും തങ്കമ്മയും ശശിയെ ആരാധനാപൂര്‍വ്വം നോക്കി. തങ്കമ്മയുടെ മുഖത്തു ശൃങ്കാരം നിറഞ്ഞ പുഞ്ചിരി വിടര്‍ന്നു!
"രണ്ടു രൂപാ മുടക്കിയതു വെറുതെയായില്ല!" ശശി ഓര്‍ത്തു.

അവിടെ കടത്തിണ്ണയില്‍ ഒരു ചായയും കുടിച്ചു ശശി അങ്ങനെ ഇരിക്കയാണു... അതുപോലെ പ്രത്യേകിച്ചു അത്യാവശ്യമൊന്നുമില്ലാത്ത കുറച്ചു ചെറുപ്പക്കാരും കൂട്ടിനുണ്ട്! സംസാരവിഷയം തൊഴിലില്ലായ്മ! ശശി തന്‍റെ രാഷ്ട്രീയ പദ്ധതികളെ കുറിച്ചു വീമ്പു പറയന്‍ തുടങ്ങി!
"നമ്മളെ പോലെ കര്‍ത്തവ്യ മനോഭാവമുള്ള ചെറുപ്പക്കാരണു കേരളത്തിനു വേണ്ടതു. രാഷ്ട്രീയ സ്വാധീനം കൊണ്ടു എനിക്ക് പലതും ചെയ്യാന്‍ കഴിയും... എല്ലാം എന്‍റെ പദ്ധതികളിലുണ്ടു!"
ചില ചെറുപ്പക്കാര്‍ അസൂയയോടും ചിലര്‍ ആരാധനയോടും ശശിയെ നോക്കി.

അപ്പോഴാണ് സ്ഥലത്തെ പഞ്ചായത്തു പ്രസിഡന്റു കൃഷ്ണന്‍ നായരുടെ വരവു. ശശിക്ക് കൃഷ്ണന്‍മാഷേ കണ്ണെടുത്താല്‍ കണ്ടൂടാ. ഒരു കാരണം, പണ്ടു താന്‍ എട്ടാം ക്ലാസ്സില്‍ നാലാം തവണയും തോറ്റപ്പോള്‍ മണ്ടന്‍ എന്ന് മുദ്രകുത്തി തന്നെ ഈ മാഷ് ഒരുപാടു നാണം കെടുത്തിയിടുണ്ടു! വേറൊരു കാരണം, ഇപ്പോഴും താന്‍ ഒരു അലസനാണെന്നു ആള്‍കൂട്ടത്തില്‍ വെച്ചു വിളിച്ചു പറയാന്‍ കൃഷ്ണന്മാഷിനു വലിയ ഉത്സാഹമാണു!

"എന്താ ശശി, രാവിലെ പ്രത്യേകിച്ചു പണിയൊന്നുമില്ലാതതുകൊണ്ടാണോ ഇവിടെ തൊഴിലില്ലായ്മയെ കുറിച്ചു ചര്‍ച്ച നടത്തുന്നതു? നിങ്ങളെപ്പോലുള്ള അലസരാണു ഈ നാടിന്‍റെ ശാപം! മേലനങ്ങാന്‍ വയ്യാതെ സര്‍ക്കാരിനേയും സമൂഹത്തിനെയും പഴിക്കുന്ന ചെറുപ്പകാരാണു ഈ നാടിന്‍റെ നാശം!"

"ഇനി ഇവിടെ നിന്നാല്‍ ശരിയാവില്ലാ...!" ശശി പതിയെ എണീറ്റു മറുത്തൊന്നും പറയാതെ അവിടെ നിന്നും വിട വാങ്ങി!

അമ്പലപ്പറമ്പിലെ ആല്‍മരചോട്ടിലിരുന്നു അല്പം വിശ്രമിക്കാമെന്നു ശശി കരുതി. അതാ... ശിവന്‍ വരുന്നു... തന്‍റെ അയല്‍വാസിയും സുഹൃത്തുമാണ് ശിവന്‍! എതിര്‍ പാര്‍ട്ടിയാണെങ്കിലും നല്ല കൂട്ടുക്കാരാണു അവര്‍. ശിവനും ശശിയെപോലെ തന്നെ തിരക്കു നടിക്കുന്ന ഒരു രാഷ്ട്രീയക്കാരനാണു!

"എന്താ ശശി, ഇന്നു പരിപാടിയൊന്നുമില്ലേ?" ശിവന്‍ അകലെനിന്നു തന്നെ വിളിച്ചു ചോദിച്ചു.

"ഒന്നിരുനന്നേയുള്ളൂ. നിനക്കെന്താ പരിപാടി?"

"ഒരു ഉഗ്രന്‍ അവസരം വന്നിട്ടുണ്ട്. ഞങ്ങളുടെ പാര്‍ട്ടി സമ്മേളനം വരുകയാണു. ഏറ്റവും ചുറുചുറുക്കുള്ള ചെറുപ്പക്കാരെ അവര്‍ ഓരോ മേഘലകള്‍ ഏല്പിക്കും. പാര്‍ട്ടി വളരുകയല്ലേ! അവര്‍ക്കു പുതിയ ആളുകളെ വേണ്ടേ?! എനിക്ക് നല്ല പ്രതീക്ഷയുണ്ട്!"

ശശിയുടെ കണ്ണുകള്‍ തിളങ്ങി... തന്‍റെ ജ്യോത്സ്യഫലം മനസില്‍ തെളിഞ്ഞു വന്നു. ജീവിതത്തെ വഴി തിരിക്കുന്ന സംഭവം! രാഷ്ട്രീയത്തില്‍ വളര്‍ന്നു വരണമെങ്കില്‍ ആദ്യം സ്വന്തം നിലനില്പാണു നോക്കേണ്ടതു. മിക്ക വലിയ നേതാക്കളും വളര്‍ന്നു വന്നതു അങ്ങനെയാണു.

"ശിവാ, സത്യം പറയാലോ. എന്‍റെ കാര്യം അല്‍പ്പം കഷ്ടമാണു. എനിക്കു പ്രത്യേകിച്ചു പാര്‍ട്ടി പ്രവര്‍ത്തനം എന്നു പറയാനും വേണ്ടി ഒന്നുമില്ല! നിനക്കെന്നെ സഹായിക്കാന്‍ പറ്റുമോ?"

"പക്ഷേ നിന്‍റെ പാര്‍ട്ടി വേറെയല്ലേ?" ശിവന്‍ അതിശയത്തോടെ ചോദിച്ചു.

"എന്തു പാര്‍ട്ടി? എല്ലാ വലിയ നേതാക്കളും ഇങ്ങനെയൊക്കെയാണു വളര്‍ന്നു വന്നതു."

"ആ, നീ ഏതായാലും ഒന്നുവാ. നമ്മുക്കൊരു കൈ നോക്കാം!"

പാര്‍ട്ടിയംഗംങ്ങള് ആദ്യം ഒന്നു സംശയിച്ചെങ്കിലും, ശശി തന്‍റെ വാക്ച്ചാതുരികൊണ്ട് അവരെ പാട്ടിലാക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല. അവര്‍ ശശിയെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു!

അങ്ങനെ തിരക്കേറിയ ഒരു സയാഹ്നതിനൊടുവില്‍ വിശ്വാസങ്ങളും മുദ്രാവാക്യങ്ങളും മാറ്റിയെഴുതി, പുതിയ ഒരു പതാകയുമായി ശശി വീട്ടിലെത്തി!

പിറ്റേന്നു രാവിലെ ദേവകി ശശിയുടെ കട്ടിലിനരികിലുള്ള പുതിയ പതാക ശ്രദ്ധിച്ചു!
"എന്താ പുതിയ ഒരു പതാക??"

"ആ ഞാന്‍ പാര്‍ട്ടി മാറി!" ശശി ഒരു കൂസലില്ലാതെ കിടക്കയില്‍ കിടന്നോണ്ടു പറഞ്ഞു!

കുടുംബത്തിനോടു കൂറില്ലാത്ത തന്‍റെ മകന്‍ പാര്‍ട്ടിയോടു കൂറു പുലര്‍ത്താത്തതിലു ദേവകിയ്ക്കു ഒരു അതിശയവും തോന്നിയില്ല! പക്ഷേ നാടിനു ഗുണമില്ലാത്ത ഒരു പൊതുപ്രവര്‍ത്തകന്‍ തന്‍റെ വയറ്റില്‍ വന്നു കുരുത്തല്ലോ എന്നോര്‍ത്തു അവര്‍ ഒന്നു നെടുവീര്‍പ്പിട്ടു പോയി!

അയാള്‍ ജ്യോത്സ്യഫലം വായിക്കാനായി പത്രം എടുക്കയായി!

Sunday, 9 December 2007

ഇതും ഒരു കഥാനായകന്‍!
പള്ളിക്കല്‍ കുരിയാക്കൊസച്ഛന്റെ സുവിശേഷ പ്രസംഗം പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ വായില്‍ നിന്നും ദൈവവചനം കേട്ടാല്‍ എത്ര കഠിന ഹൃദയവും അലിഞ്ഞു പോകുമെന്നാ വെപ്പ്. പറഞ്ഞാല്‍ കേള്‍ക്കാത്ത തലതെറിച്ച കോളേജ് കുമാരന്മാര്‍ക്കും, പാതിരാവരെ കളളു മോന്തി ഭാര്യയെ തല്ലുന്ന കെട്ടിയോന്മാര്‍ക്കും അച്ഛന്‍ ഒരു പേടിസ്വപ്നമായി മാറി! സുവിശേഷം കേട്ടു അബദ്ധത്തിലെങാനും നന്നായി പോയല്ലോ എന്നാണേ പേടി! കുറ്റം പറയാന്‍ പറ്റില്ല, അത്രയ്ക്ക് കേമനാണെ നമ്മുടെ കുരിയക്കോസ്അച്ഛന്‍!
ഇതുപോലെ മുങ്ങി നടക്കുന്ന ചെരുപ്പകാരില്‍ ഒരാളാണ് റോസ്മേരിയുടെ ഭര്‍ത്താവ് പത്രോസ്. റോസ്മേരി, നല്ല തുംബപൂവിന്റെ നിറവും പനം കുലപോലത്തെ മുടിയും... അവള്‍ ആ ഗ്രാമത്തിലെ രാജകുമാരിയായിരുന്നു! ചെരുപ്പകാരുടെ ഉറക്കം കെടുത്തിയ രാജകുമാരി! പത്രോസ് കുറേ കഷ്ടപെട്ടിട്ടാണത്രേ രോസേമരിയെ ചാക്കിലാക്കിയെ... തനിക്കില്ലാത്ത ഗുണങ്ങളൊക്കെ ഉണ്ടെന്നു ഭാവിച്ചു, സോപ്പും ചീപ്പും കണ്ണാടിയുമൊക്കെ മേടിച്ചു കൊടുത്തു പത്രോസ് റോസ്മേരിയുടെ ഹൃദയം കവര്‍ന്നു!
ആ പത്രോസിനെ കുറിച്ചു പറഞ്ഞില്ലല്ലോ... ആട്ടിന്‍ തോലണിഞ്ഞ ചെന്നായി - ആ പ്രയോഗം കണ്ടുപിടിച്ചതുതന്നെ പത്രോസിനെ കണ്ടിട്ടാണെന്നാ തോന്നുന്നേ! ഏതു പെണ്ണും ഒന്നു നോക്കിനിന്നു പോകുന്ന ഗാംഭീര്യം, തിളങ്ങുന്ന ചര്‍മ്മം, നല്ല ഇടത്തൂര്‍ന്ന കണ്പീലി... ഇതിനെയെല്ലാം വെല്ലുന്ന കള്ളചിരിയും!!!

റോസ്മേരിയുടെ കൂട്ടുകാരികള്‍കെല്ലാം അവളോടു അസൂയയായി... എന്നാല്‍ അധികകാലം ഈ സന്തോഷം നീണ്ടുനിന്നില്ല...അവരുടെ കല്യാണം കഴിഞ്ഞു ആഴ്ചകള്‍കകം തന്നെ പത്രോസിന്റെ മട്ടു മാറി! ചീട്ടുകളിയും കള്ളുകുടിയും ശീലമായി... അതൊന്നും പോരാഞ്ഞു രാത്രി ചെണ്ടക്കിട്ടടിക്കുന്നപോലെ റോസ്മേരിയുടെ തുടുത്തു ചുവന്ന മേനിയില്‍ ചവിട്ടും തൊഴിയും!

പട്ടിണി കിടക്കാതെ ജീവിക്കാന്‍ വേണ്ട വക റോസ്മേരി ജോലിചെയ്തു ഉണ്ടാകുന്നുണ്ട്‌. ആ ഗ്രാമത്തിലെ ഏക നാടക ട്രൂപിലെ നായികാ കഥാപാത്രം കൈകാര്യം ചെയുന്നത് നമ്മുടെ റോസ്മേരിയാണു. പള്ളിപരിപാടികള്‍ക്കും ഉത്സവങ്ങല്‍ക്കുമൊക്കെ കളിയുണ്ടാകും. വലിയ വരുമാനമില്ലെങ്ങിലും അവള്ക്ക് വലിയൊരു താങ്ങാണു ഈ പണി. പത്രോസ് ദിവസം കഴിയും തോറും തന്റെ ലീലാവിലാസം എല്ലാ മേഘലകളിലെക്കും വ്യാപിച്ചു തുടങ്ങി! കള്ളുകുടിയും ചീട്ടുകളിക്കുമുപരെ ഇപ്പോള്‍ കഞ്ചാവും തുടങ്ങിയിട്ടുണ്ട്! പണം കിട്ടാതെവന്നാല്‍ ആളെപറ്റിച്ചും പോക്കറ്റടിച്ചും എങ്ങനെയും പത്രോസ് പണം ഉണ്ടാക്കും!!! ഇതൊക്കെയാണേലും രാത്രി റോസ്മേരികുള്ള അടിയും തൊഴിയും, അതു മുടങ്ങാതെ പത്രോസ് നാടകം നടക്കുന്ന സ്ഥലത്തു പോയാണേലും കൊടുത്തിരിക്കും!!!

നാടക ട്രുപ്പിന്റെ മുതലാളി കുഞ്ഞച്ഛായന്‍ പിത്തം പിടിച്ചു കിടിപ്പിലായ്... നാടകം നോക്കി നടത്താന്‍ ആരുമില്ലാതെയായി!! നാടകാഭിനയം നിന്നതോടെ ആ വീട്ടിലെ അടുപ്പ് പുകയതെയായി! പത്രോസിന് പൈസ കിട്ടതെവന്നപ്പോള്‍ റോസ്മേരിക്കുള്ള അടിയും ഇടിയും ഇരട്ടിയായി കൊടുക്കാന്‍ തുടങ്ങി! പാവം റോസ്മേരി, അവളെ സഹായിക്കാന്‍ ആരുണ്ട്??

എല്ലാം കണ്ടുകൊണ്ടു മുകളിലൊരാള്‍ ഇരിപുണ്ടേ!!!

ഇതേ സമയം നമ്മുടെ കുരിയാക്കൊസച്ഛന്റെ സുവിശേഷ പ്രസംഗം കേള്‍ക്കാന്‍ പല ഗ്രാമത്തില്‍ നിന്നും ആളുകളെത്തി. ആളുകളുടെ എണ്ണം ദിവസം കൂടും തോറും വര്‍ദ്ധിച്ചുകൊണ്ടിരുന്നു! അങ്ങനെയിരിക്കുമ്പോളാണ് അച്ഛന്റെ മനസ്സില്‍ ഒരാശയം ഉദിച്ചത്‌. സുവിശേഷ പ്രസംഗം പോലെത്തന്നെ കര്‍ത്താവിന്റെ സന്ദേശം നാടകവധരണമായി ഭക്തരുടെ മുന്‍പില്‍ അവതരിപ്പിക്കുക. വലിയ പണമുടക്കില്ലാതെതന്നെ ഗ്രാമത്തിലെ ആളുകളെക്കൊണ്ട്‌ അഭിനയിപ്പിക്കണം! അതു ചിലര്‍ക്കേലും ഒരു വരുമാനവും ആകുമല്ലോ!! അച്ച്ഛനന്വേഷിച്ചപ്പോള്‍ ആദ്യം കേട്ട പേരു റോസ്മേരിയുടെതാണ്! റോസ്മേരിയാണേല്‍ നാടക ട്രുപ്പ് പൂട്ടിയതോടെ കഷ്ടപടിലാണു... പക്ഷേ ഒരു പ്രശ്നം! യേശുക്രിസ്തുവിന്റെ ഭാഗം അഭിനയിക്കാന്‍ വേണ്ട ഐശ്വര്യമുള്ള ഒരു നടനെ കിട്ടണ്ടേ! കുരിയക്കൊസച്ചനെ കാണാന്‍ പല ചെറുപ്പക്കാരും വന്നു. ചിലരെ കണ്ടാല്‍ കര്‍ത്താവു ഇറങ്ങിവന്നു അച്ച്ഛനിട്ടു അടികൊടുക്കും!!!

ഒരൊത്ത നടനെ കിട്ടാതെ എങ്ങനാ നാടകം നടത്തുന്നെ?! വെളിഗ്രാമത്തില്‍ നിന്നു നടനെ എടുക്കുനതിനു മുന്പ് റോസ്മേരിയുടെ പരിചയത്തില്‍ ആരേലും ഉണ്ടോയെന്നു തിരക്കാം - അച്ച്ഛന്‍ കരുതി. റോസ്മേരിയുടെ വീട്ടില്‍ അച്ച്ഛന്‍ രാവിലെ തന്നെ എത്തി. കര്‍ത്താവിന്റെ രൂപം വാര്‍ത്തെടുത്തപോലെ അതാ ആ ചെറുപ്പക്കാരന്‍ നടന്നു വരുന്നു... അച്ച്ഛന്റെ മനസ്സില്‍ ധ്യാന മന്ത്രങ്ങള്‍ മുഴങ്ങി!... ഒരു ചെറു പുഞ്ചിരിയോടെ ആ ചെറുപ്പകാരന്‍ വീടിന്റെ ഉമ്മറത്തിരുന്നു. "എന്റെ നാടകത്തിലെ കര്‍ത്തവാകാന്‍ ഇവനോളം ഒത്ത ഒരാളില്ല"- അച്ച്ഛന്‍ റോസ്മേരിയോട്‌ പറഞ്ഞു. " അയ്യോ!, അതെന്റെ കെട്ടിയോന്‍ പത്രോസ് ആണച്ചോ! അങ്ങേര്‍ക്കു അഭിനയം ഒന്നും അറിയില്ല!" അച്ച്ഛന്റെ കണ്ണുകള്‍ അപ്പോളും പത്രോസിന്റെ മേല്‍ ആയിരുന്നു. "മകനെ, നിനക്കു പള്ളിയുടെ നാടകത്തില്‍ അഭിനയിക്കാമോ? നല്ല ദിവസ കൂലിയാണ്! വൈകുനേരമാണ് കളി, അതുന്‍ കൊണ്ടുതന്നെ ജോലി മുടക്കണ്ട! ഒരു വരുമാനമല്ലേ, എന്ത് പറയുന്നു?" ജോലിയും കൂലിയും ഇല്ലാത്ത പത്രോസിന് സമയം ഒരു പ്രശ്നമാണോ? വൈകിട്ടുമാത്രം കളി, നല്ല കൂലി... പത്രോസ് സമ്മതം മൂളി. അങ്ങനെ എല്ലാ തലതെറിച്ച പണിയും അറിയാവുന്ന, എന്തിന് പല തലതെറിച്ച പണിയും കണ്ടുപിടിച്ച നമ്മുടെ പത്രോസ് കര്‍ത്താവായി മാറി...

അച്ഛന്‍ പ്രതീക്ഷിച്ചപോലെത്തന്നെ നാടകത്തിനു നല്ല പേരായി. നടകാവസാനം അച്ഛന്റെ ഒരു ചെറിയ സുവിശേഷ പ്രസംഗവും! ആളുകളുടെ എണ്ണം കൂടി കൂടി വന്നു... തലതെറിച്ച പലരും നേര്‍വഴി സ്വീകരിച്ചു! റോസ്മേരിയും പത്രോസും പലരുടെയും ജീവിതത്തിനു വെളിച്ചം നല്കി... പക്ഷേ ഇതൊന്നും ഒരാളെ മാത്രം മാറ്റിയില്ല...നമ്മുടെ പത്രോസിനെ!!! നാടകം കഴിഞ്ഞു അച്ഛന്റെ പ്രസംഗം കേള്‍ക്കാന്‍ നിക്കാതെ കള്ളുഷാപ്പിലേയ്ക്കു ഓടുക പതിവായി! ഒരു ചിട്ട മാത്രം എന്നാലും മുടങ്ങിയില്ല - റോസ്മേരിക്കുള്ള അടിയും തോഴിയും!!!

തട്ടയില്‍ കയറി ദൈവവചനം പറയുന്ന പത്രോസിനെ കണ്ടു കണ്ണുനിറയാതെ കാണികള്‍ ഇറങ്ങാറില്ല!... പത്രോസിന്റെ ഓരോ വാക്കിലും ദൈവ കടാക്ഷം ഉണ്ടെന്നാണു കാണികള്‍ പറയാറ്‌! തന്റെ സങ്കടം കുരിയക്കൊസച്ചന്റെടുത്തു പറയുക മാത്രമാണ് റോസ്മേരിയുടെ ആകെ ആശ്വാസം! അച്ഛന്‍ പറയും "മകളെ, മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചം നല്കുന്ന നിന്നെ കര്‍ത്താവു കാണാതിരിക്കുമോ? ഒരുനാള്‍ പത്രോസും തന്റെ സ്വന്തം വാക്കുകളുടെ അര്‍ഥം മനസിലാക്കും! അവന്റെ സ്വഭാവം മാറും!" ഈ വാക്കുകള്‍ മാത്രമായിരുന്നു റോസ്മേരിയുടെ ആകെ പ്രതീക്ഷ. അതിയാന്‍ ഒരുനാള്‍ നന്നാവും!
"നീ ഉടിത്തിലേലും അവളെ ഉടിപ്പിക്കുക...
നീ ഉണ്ടില്ലെലും അവളെ ഉണ്ണിക്കുക..."

പത്രോസിന്റെ വാക്കുകള്‍ കേട്ടു മുന്‍ നിരയിലിരുന്ന സ്ത്രിജനങ്ങളുടെ കണ്ണ് നിറഞ്ഞു... അവര്‍ ആശംസ വാക്കുകള്‍ കൊണ്ടു റോസ്മേരിയെയും പട്രോസിനെയും മൂടി. "കര്‍ത്താവിനെ പോലെ തേജസുള്ള പത്രോസിനെ ഭര്‍ത്താവായി കിട്ടിയത് നിന്റെ ഭാഗ്യമാണ് റോസ്മേരി!..." ഒരു കാണിയുടെ ആശംസാവക്കുകളാണു... പത്രോസിതു കെട്ട് ഒന്നു പുഞ്ചിരിച്ചു.

റോസ്മേരി ഓര്‍ത്തു - ഒരിക്കല്‍ പോലും തനിക്കൊരു തുനിക്കഷണം പോലും മേടിച്ചു തരാത്ത തന്റെ ഭര്‍ത്താവ്‌! അവള്‍ പട്ടിണി കിടന്നാലും ഒരു ദിവസം പോലും കള്ളുകുടിയും ചീട്ടുകളിയും മുടക്കാത്ത തന്റെ ഭര്‍ത്താവ്‌!" അവളുടെ മനസില്‍ രാത്രി തന്നെ കാത്തിരിക്കുന്ന അടിയുടെ താളം മാത്രമാണുള്ളതു!

"ഒന്നുമിലേലും കര്‍ത്താവല്ലേ അടിക്കുന്നെ!"...അവളൊന്നു നെടുവീര്‍പിട്ടു!!!

സ്നേഹതൂവല്‍


പാതി തുറന്ന ജനാലയിലൂടെ സൂര്യരശ്മികള്‍ എന്‍റെ മിഴിയെ തലോടുകയാണ്. ഞാന്‍ എന്‍റെ കണ്ണുകള്‍ മെല്ലെ തുറന്നു. അങ്ങനെ വീണ്ടും ആ ദിവസമണഞ്ഞു!

ഇന്നു ഞങ്ങളുടെ അമ്പത്തിരണ്ടാം വിവാഹ വാര്‍ഷികമാണു! ദിവസങ്ങള്‍ കടന്നു പോയതു എത്ര പെട്ടെനാണ്! പതിനാറുകാരിയായ ഞാന്‍... തിളങ്ങുന്ന മിഴികളും, കുപ്പി വളകളണിഞ്ഞ കൈകളും, പാറിപറന്ന മുടിയും... അമ്പത്തിരണ്ടു വര്‍ഷങ്ങള്‍! കളിയും ചിരിയും തമാശയും... ഞാന്‍ സന്തുഷ്ടയാണ്!!!

"മറിയേ, എന്തുറക്കമായിതു? എഴുനേറ്റേ!" എന്‍റെ ഇച്ഛായനാണ്...
വെള്ള കുപ്പയമണിഞ്ഞു, കള്ളച്ചിരിയോടെ എന്നോടു കിന്നരിക്കുന്ന ആ ഇരുപതു വയസ്സുക്കാരന്‍ ...എന്‍റെ ജീവിതത്തിന്‍റെ നിറം എന്‍റെ ഇച്ഛായനാണ്...എന്നും രാവിലെ എന്നെ ഉറക്കമെഴുനേല്പിക്കും... ഞങ്ങള്‍ ഒരുമിച്ചു ഭക്ഷണം ഉണ്ടാക്കും...പിന്നെ കളിയും ചിരിയും തമാശയും...സമയം പോകുന്നതു ഞാന്‍ അറിഞ്ഞിട്ടേയില്ല!

"മറിയേ..."

"ഓ, ദാ എണ്ണീറ്റു.." പ്രായം ഒക്കെയായില്ലേ..ഇപ്പോള്‍ എഴുനേല്‍ക്കാനും നടക്കാനും അല്പം ബുദ്ധിമുട്ടാ...പ്രത്യേകിച്ച് രാവിലെ...പിന്നെ ഇച്ഛായനുള്ളതു കൊണ്ടു അങ്ങനെയൊക്കെ പോണു...

"മറിയേ...ഇന്നു പ്രാതലിനു അപ്പം ഉണ്ടാക്കിയാല്‍ മതി. എന്നിട്ട് നമ്മുക്കു പള്ളിയില്‍ പോകണ്ടേ? വിവാഹവാര്‍ഷികമായിട്ടു നീ മുടക്കത്തെ ചടങ്ങ്‌ ഈ വര്‍ഷവും നടക്കട്ടെ..."
ഞങ്ങളുടെ എല്ലാ വിവാഹവാര്‍ഷികത്തിനും പള്ളിയില്‍ അനാഥകുട്ടികള്‍ക്കു പലഹാരം കൊടുക്കുന്ന പതിവുണ്ടേ...പുജേം ഉണ്ട്... അത് ഈ അബത്തിരണ്ടു വര്‍ഷവും മുടക്കിയിട്ടില്ല!

ഇന്നു ഇച്ഛായനെ കാണാനെന്തോ ഒരു പ്രത്യേക ചന്തം...പറയണ്ട..അല്ലേല്ലേ പ്രായം കൂടും തോറും കുറച്ചു ഒരുക്കം കൂടുതല്ലാ!...ഞാന്‍ പതിയെ ചിരിച്ചു...

പുറത്തു കിളികളുടെ കരച്ചില്‍ കേള്‍ക്കാം..ജനാലയിലൂടെ നോക്കിയാല്‍ അങ്ങ് കുന്നുമേല്‍ മേയുന്ന പൈക്കളെ കാണാം...നിറപകിട്ടാര്‍ന്ന ഒരു മെത്തപോലെ പൂക്കള്‍ കുന്നുമേല്‍ പൂത്തുലഞ്ഞു കിടക്കുന്നു...അതിനഴകേകാന്‍ ചിത്ര ശലഭങ്ങള്‍ പാറി പറന്നു നടക്കുന്നു...ഒരു നിമിഷം ഞാന്‍ ഞങ്ങളുടെ വിവാഹം ഓര്‍ത്തുപോയി...

ശിശിരകാലത്തിന്‍റെ എല്ലാ സൌന്ദര്യവും ഉള്‍കൊണ്ട ആ പ്രഭാതം! തൂവെള്ള വസ്ത്രമണിഞ്ഞു ആ കുന്നിന്‍ ചെരിവിലൂടെയാ ഞാന്‍ ആദ്യമായി ഇവിടെ വന്നതു...എല്ലാം ഇന്നലെ പോലെ ഓര്‍ക്കുന്നു ഞാന്‍!

അനാഥയാണെന്ന കുറവറിയാതെയാണു ഇത്രേം കാലം ഇച്ഛായന്‍ എന്നെ നോക്കിയത്‌! എന്‍റെ കണ്ണുകള്‍ നിറഞ്ഞു...സന്തോഷം കൊണ്ടു..ഞാന്‍ എത്ര ഭാഗ്യവതിയാണ്‌!

"മറിയേ, സമയം പോകുന്നു..വരൂ പള്ളിയില്‍ പോകണ്ടേ?"
അയ്യോ ദേഷ്യം വന്നാല്‍ പുള്ളിയെ പിടിച്ചാല്‍ കിട്ടില്ല... തൂവെള്ളയില്‍ ചെറിയ മഞ്ഞപൊട്ടുകള്‍ ഉള്ള സാരി..ഇച്ഛായന്‍ ഈ ദിവസത്തേക്കു വേണ്ടി പ്രത്യേകം മേടിച്ചു തന്നതാ..ഞാന്‍ ഉടുതൊരുങ്ങി നിന്നാല്‍ ഇപ്പോളും ഇരുപതുകാരിയുടെ ചന്തമാണെന്നാ ഇച്ഛായന്‍ പറയുന്നെ!

തലേന്നു തന്നെ ഞാന്‍ പള്ളിയില്‍ കൊടുക്കാനുള്ള ഉണ്ണിയപ്പവും നെയ്യപ്പവും തയ്യാറാക്കിയിരുന്നു...മക്കളില്ലാത്ത വിഷമം ഞങ്ങള്‍ അറിഞ്ഞിട്ടേയില്ല...സ്വന്തം മക്കളുതന്നെ വേണമെന്നുണ്ടോ? അവരെല്ലാം എന്‍റെ മക്കളല്ലേ...അങ്ങനെയാ ഇച്ഛായനും പറയുന്നെ!

ഞങ്ങള്‍ ആ പഴയ കുന്നില്‍ ചെരുവിലെ ആളൊഴിഞ്ഞ വഴിയിലൂടെ നടന്നു...ടാറിട്ട റോടിലൂടെയാണേല്‍ വേഗം എത്താം... എന്നാലും ഈ കുന്നില്‍ ചെരുവിലൂടെ കിളികളുടെ കൊഞ്ജലും കേട്ടു പോകുന്നതു ഒരു പ്രത്യേക സുഖമാണേ!...

പള്ളിലു മക്കളതാ കാത്തുനില്‍കുകയാണ്... എന്‍റെ പലതരം എല്ലാര്‍ക്കും വലിയ ഇഷ്ടമാണ്! സ്നേഹത്തോടെ ഉണ്ണിയമ്മയെന്നാണു എന്നെ വിളികാറു! ഉണ്ണിയപ്പം എന്നെപോലെ നന്നായി ആരും ഉണ്ടാകിലത്രെ!

പള്ളിലെ പൂജയോക്കെ നന്നായിരുന്നു...ഇച്ഛായന്‍ പതിവിലേറെ സന്തുഷ്ടനയിരുന്നു...ഇത്രേം നേരം എന്‍റെ അടുത്തുതന്നെ ഉണ്ടായിരുന്നു...സമയം പോയതറിഞ്ഞില്ല..സന്ധ്യയായി! മടങ്ങാന്‍ നേരമായി...ഞാന്‍ കുടയോക്കെ എടുത്തു തയ്യാറായി...

അതാ ത്രെസിയ.. എന്‍റെ പഴയ കൂട്ടുകാരി..ഞങ്ങള്‍ അനാഥാലയത്തില്‍ ഒരുമിച്ചാണു വളര്‍ന്നത്തു... ഞാന്‍ കല്യാണം കഴിഞ്ഞു ഇച്ഛായനൊപ്പം താമസമായി..അവള്‍ ഇവിടെ തന്നെ തങ്ങി..പുതിയ അംഗങ്ങളെ സ്വീകരിച്ചു..കുഞ്ഞുങ്ങള്‍ക്കു തണലായി....

"എന്താ ത്രെസിയെ, സുഖമാണോടിയേ?"

"സുഖം തന്നെ മറിയ കൊച്ചേ...നിന്‍റെ പലഹാരം പിള്ളേര്‍ക്ക് ജീവനാ...ഇവര്‍ക്ക്‌ നിന്നെ നല്ല പിടിതമാണു...ആ ഒന്നോര്‍ത്താല്‍ ഭര്‍ത്താവു മരിച്ചിട്ടും, വിവാഹവാര്‍ഷികം നീ എത്ര കാലമായി മുടങ്ങാതെ ആഘോഷിക്കുകയാണ്!... കുരിയച്ഛന്‍ മരിച്ചിട്ടു ഇപ്പോള്‍ എത്ര കൊല്ലമായി?! നിങ്ങള്‍ ഒരുമിച്ചു രണ്ടു കൊല്ലമല്ലേ കഴിഞ്ഞുള്ളൂ...ആ എല്ലാം വിധി...അങ്ങിരുട്ടായില്ലേ..ഞാന്‍ വീടു വരെ കൊണ്ടാക്കനോടീ?"

ഞാന്‍ ഇച്ഛായനെ നോക്കി...ഒരു കള്ളച്ചിരിയോടെ ഇച്ഛായന്‍ എന്നെ നോക്കി കണ്ണ് ചിമ്മി...ഇച്ഛായന്‍റെ ശരീരം എന്നെ വിട്ടു പോയിട്ട്‌ അമ്പതു കൊല്ലമായി...പക്ഷെ മനസ്സു അത് ഇന്നും എന്നും എനിക്ക് താങ്ങും തണലുമായി ഉണ്ടായിരുന്നു... ഞാന്‍ മണ്ണടിഞ്ഞാലും ഞങ്ങളുടെ മനസു എന്നും ഒന്നായിരിക്കും!...

ഞാന്‍ ഇച്ഛായനെ നോക്കി ചിരിച്ചു...

"വേണ്ട ത്രെസിയേ, എനിക്ക് വീടുവരെ പോകാന്‍ എത്ര ഇരുട്ടാണേലും കൂട്ടുണ്ട്!!!..."