Please Note...

(Hi everyone... In some computer systems the malayalam fonts(libis) are not coming up as I can see on my system. I dont know the exact reason, but I assume its something to do with the translator I have used!Sorry for any Inconvenience caused...I will try to sort this out soon...)

Sunday, 4 June 2017

അവൾ

ഒരായിരം തവണ തന്റെ കാൽപാദം പതിഞ്ഞ ആ വീഥിയിലൂടെ അവൾ അന്നും നടന്നു.  ആ വീഥിയിലെ ഒരോ പുൽക്കൊടിയും അവൾക്കു പരിചിതമാണ്‌.  തലയൊട്ടും ഉയർത്താതെ, തന്റെ കാലടിയുടെ താളം മാത്രം ശ്രദ്ധിച്ചു, തന്റെ സാന്നിധ്യം ആവും വിധം മറയ്ക്കാൻ ശ്രമിച്ചു, അവൾ ആ വീഥിയിലൂടെ നടന്നു കൊണ്ടിരുന്നു.

പണ്ടു തന്റെ ഭർത്താവിനൊപ്പം ആ വീഥിയിലൂടെ പോകുബോൾ അവൾ തന്റെ തല ഉയർത്തി പിടിച്ചിരുന്നു. ആരേയും അസൂയാലുവാക്കുംവണ്ണമുള്ള അവളുടെ സൌന്ദര്യം, മൃദുലമായ വെണ്ണക്കല്ലു തോൽക്കുന്ന മിനുസമായ ചർമ്മം,  മുട്ടറ്റം നീണ്ട കാർകൂന്തൽ, ശാലീനമായ അഴകാർന്ന പുഞ്ചിരി. ഏതോ ജീവിച്ചു മരിച്ചു മണ്ണടിഞ്ഞ ഒരു പഴയ ജന്മത്തിലെ പ്രേതം പോലെയാണു അവൾക്കാ ഓർമകൾ.  

കല്യാണം കഴിഞ്ഞു ബന്ധുക്കളുടെ അരോചകമായ പതിവു സുഖാന്വേഷനതിന്റെ സമ്മർദം കൊണ്ടാണു അവർ ഒരു ഗയ്നകോലൊജിസ്റ്റിനെ കാണാൻ തീരുമാനിച്ചത്.  ചില ടെസ്റ്റുകൾ, ചില പ്രശ്നങ്ങൾ...  വീണ്ടും ചില ടെസ്റ്റുകൾ.  അപ്രിയമായ ഒരു വാർത്തയ്കായി അവൾ തന്റെ മനസ്സിനെ പാകപ്പെടുത്തിയെങ്ങിലും അതു ഇത്രത്തോളം തീവ്രമായ പ്രശ്നങ്ങളിലേക്കാണ് വഴി തിരിയുന്നതെന്നു അവൾ സ്വപ്നത്തിൽ പോലും കരുതിയില്ല.  ഒരൊറ്റ ദിവസം കൊണ്ടു അവളുടെ ജീവിതത്തിന്റെ താളം തെറ്റി; ഒരൊറ്റ ദിവസം കൊണ്ടു അവൾ വാർദ്ധക്യത്തിലേക്ക് കാൽ എടുത്തു വെച്ച പോലെ... അവൾക്കു കാൻസറാണ്, ചികിത്സിച്ചു ഭേദമാക്കാൻ പ്രയാസമായ കാൻസർ.  

പിന്നീടുള്ള കുറച്ചു നാളുകൾ അവളുടെ ജീവിതത്തെ മാറ്റി മറിച്ചു - കീമോയുടെ നാളുകൾ, എണ്ണിയാലൊടുങ്ങാത്ത മരുന്നുകളുടെ നാളുകൾ...  മരണമെന്ന മാലാഖയുടെ ചിറകിലേറി ആ യാത്ര പോകാൻ അവൾ കൊതിച്ച നാളുകൾ... തന്റെ മുട്ടറ്റം നീണ്ട മുടി നഷ്ടമായതിൽ അവൾകൊട്ടും വിഷമം തോന്നിയില്ല, കാരണം അവളുടെ വിളറി വെളുത്ത മുഖത്തിനും, വാടിത്തളർന്ന കണ്ണുകൾക്കും തന്റെ ഏറ്റവും പ്രിയപ്പെട്ട മുടി ഒട്ടും ചേർച്ചയില്ലെന്ന് അവൾക്കറിയാമായിരുന്നു.

അവളുടെ ചുറ്റുമുള്ളവരുടെ കണ്ണിലെ അസൂയ മങ്ങി സഹതാപമായി മാറി.  എല്ലാവർക്കും സഹതാപമാണ്‌.  ചെറുപ്പത്തിലെ രോഗിയായിപ്പോയ അവളോടു, ആ രോഗിയെ പരിചരിക്കാൻ നിയോഗിക്കപെട്ട അവളുടെ ഭർത്താവിനോട്.  സഹതാപമെന്ന മുഖംമൂടിയണിഞ്ഞു സമൂഹം അവളുടെ ദുരന്തത്തെ ആഘോഷിക്കുന്നതായി അവൾക്കു തോന്നി. അവർക്ക് കുശലം പറയാൻ ഒരു വിശേഷം - അതിലുപരി ഒരു ആശ്വാസവും അവൾക്കു ഈ സമൂഹത്തിൽ നിന്നും ലഭിച്ചില്ല.  

കീമോയുടെയാണോ മരുന്നിന്റെയാണോ പ്രാർത്ഥനയുടെയാണോ എന്നറിയില്ല, അവളുടെ അസുഖം ഒരുപാടു ഭേദമാവുന്നതായി കണ്ടുവന്നു.  മരുന്നിന്റെ ഫലത്തിൽ ഇനിയും അവൾ ജീവിക്കും, കൃത്യമായി എത്ര വർഷമെന്ന് ഡോക്ടർമാർക്ക് പറയാൻ കഴിയുന്നില്ല.  അവളുടെ സ്നേഹസമ്പന്നനായ ഭർത്താവിന്റെ കൂടെ ആ വീഥിയിൽ അവൾ വീണ്ടും പ്രത്യക്ഷപ്പെട്ടു.  സുന്ദരിയായ ഒരു യുവതിക്ക് പകരം മെലിഞ്ഞുണങ്ങിയ, മുടി പറ്റ വെട്ടിയ ആ സ്ത്രീ രൂപം കണ്ടു അയൽപക്കത്തെ പെണ്ണുങ്ങൾ മൂക്കത്തു കൈ വെച്ചു.  പണ്ടു അസൂയകൊണ്ടു ജ്വലിച്ച, കണ്ടെങ്ങിലും കണ്ടില്ലെന്നു ഭാവിച്ച കണ്ണുകൾ ഇന്നവളെ അടിമുടി നോക്കി വിസ്തരിക്കുന്നത് അവളറിഞ്ഞു.

എല്ലാവർക്കും അപ്പോളും സഹതാപമാണ്‌.  സുന്ദരനും ആരോഗ്യവാനുമായ അവളുടെ ഭർത്താവിനു ഈ രോഗിയായ, പ്രേതകോലമായ ഭാര്യയെ കൊണ്ടു നടക്കേണ്ടി വന്നലോ?!  അവർ ഒരു ദാക്ഷണ്യവുമില്ലാതെ അവളുടെ ജീവിതത്തെ ചർച്ചാവിഷയമാക്കി.  അവളുടെ കളിക്കൂട്ടുകാരനായ പിന്നെ കാമുകനായ ഒടുവിൽ ജീവിത പങ്ങാളിയായ അവളുടെ ഭർത്താവിനു ഭാഹ്യസൌന്ദര്യതിനുപരി അവളെന്ന വ്യക്തിയെ സ്നേഹിക്കാൻ കഴിയുമെന്നത് അവരുടെ ചെറിയ ചിന്താവലയത്തിൽ ഒതുങ്ങാവുന്നതിലും അതീതമായിരുന്നു. 

ബാഹ്യമായി തനിക്കു വന്ന മാറ്റം അവളെ ഒട്ടും തളർത്തിയില്ല.  കവിതകളിഷ്ടപെടുന്ന, ഒരുപാടു സ്വപ്നങ്ങൾക്കുടമയായ, കരുണയുള്ള, സ്നേഹസംബന്നയായ അവളുടെ വ്യക്തിത്വത്തെ അവളുടെ ഭർത്താവും, സുഹൃത്തുകളും, കുടുംബവും അന്നും ഇന്നും ഒരുപോലെ സ്നേഹിക്കുന്നു.  അവൾ ജോലിക്കു പോയി തുടങ്ങി, ഉപരിപഠനമാരംഭിച്ചു.  ഭാവി എന്തെന്ന വലിയ ചോദ്യചിന്ഹത്തെ തട്ടി തെറുപ്പിച്ച് അവൾ തന്റെ സ്വപ്നങ്ങളെ തേടി യാത്രയായി.

വർഷങ്ങൾ ഒരുപാടു കടന്നു പോയി.  ഇന്നും അവൾ രോഗവിമുക്തയായില്ല. ഈ രോഗം ഇന്നവൾക്കൊരു ഉറ്റ ചങ്ങാതിയായി മാറിയിരിക്കുന്നു.  ഓരോ ദിവസവും അമൂല്യമെന്നു പഠിപ്പിച്ച, സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഊർജം നല്കിയ, ജീവിക്കാൻ വീണ്ടും വീണ്ടും കൊതിയുണർത്തിയ ഒരു നല്ല സുഹൃത്ത്.  

അവളുടെ നേട്ടങ്ങളുടെ പട്ടിക വലുതാണ്.  ഔദ്യോഗിക ജീവിതത്തിലെ ഉയർച്ചയാണെങ്കിലും, ഉന്നത പഠനത്തിലെ വിജയമാണെങ്കിലും, കുടുംബജീവിതത്തിലെ സന്തോഷമാണെങ്കിലും - അവൾ സന്തുഷ്ടയാണ്.  സ്വന്തമായി കുട്ടികളില്ല എന്ന ദുഖം അവൾ അറിഞ്ഞിട്ടില്ല. അതൊരു ദൈവ നിയോഗമായി കരുതി അവൾ അനാഥരായ ഒരുപാടു കുഞ്ഞുങ്ങൾക്കു സംരക്ഷണമേകുന്നു, അവർക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്നു. ഒരു പക്ഷെ ദൈവം ജീവിതത്തിൽ എല്ലാം വാരി കോരി തന്നിരുന്നുവെങ്ങിൽ ഇങ്ങനൊന്നും ചെയ്യാൻ തോന്നില്ലായിരുന്നെനിരിക്കണം.

ജീവിതത്തിൽ ഇത്രയുമധികം സംതൃപ്തയായ, സന്തുഷ്ടയായ അവളെന്ന വ്യക്തിയെ ഈ സമൂഹത്തിനു പരിചയമില്ല. പണ്ടു സുന്ദരിയായിരുന്ന, ഇന്നു മെലിഞ്ഞുണകിയ ആ സ്ത്രീ രൂപത്തെ മാത്രമാണ് അവർക്ക് പരിചയം.  അതുകൊണ്ടുതന്നെയാണ്, സഹതാപത്തിന്റെ നിഴലേൽകാതെ, രോഗന്വേഷണത്തിനു കാതോർക്കാതെ, ആരുടേയും കണ്ണിൽ പെടാതെ, അവൾ ആ വീഥിയിലൂടെ അന്നും തല താഴ്‌ത്തി പിടിച്ചു നടന്നതു.

അവളുടെ നേട്ടങ്ങളെല്ലാം അവൾക്കു സ്വന്തം, ദുഖങ്ങൾ ഈ സമൂഹത്തിനും!