എങ്ങും കൈക്കൊട്ടും ആര്‍പ്പുവിളിയും ഉയര്‍ന്നു.
ഒരു ചെറു പുഞ്ചിരിയോടെ ശശി എഴുനേറ്റു കൈകൂപ്പി നിന്നു. പൊന്നാടയും പൂമാലയും അണിയിക്കാന്‍ അനേകമാളുകള്‍ അതാ തയ്യാറായി നില്‍ക്കുകയാണ്. ഓരോരുത്തരായി വന്നു ശശിയെ അവ അണിയിച്ചു. താമസിക്കാതെ തന്‍റെ മൂക്കറ്റം പൂമാലകൊണ്ടു നിറഞ്ഞു.
"ദൈവമേ, ഒരു പൂമാലകൂടെ വീണാല്‍ ഞാന്‍ ശ്വാസം മുട്ടി ചാകും..."
അതാ ഒരു കനത്ത പൂമാല!
"അമ്മേ...." ശശി ഉറക്കെ നിലവിളിച്ചു!
"എന്താടാ കിടന്നു നിലവിളിക്കുന്നേ?..."
"ഹൊ, വല്ലാത്തൊരു സ്വപ്നമായിപ്പോയി... ഈ മുഖ്യമന്ത്രിയാകുന്നതു അത്രയ്ക്കു എളുപ്പമൊന്നുമല്ല..."
കിടക്കെ കിടന്നുകൊണ്ടുതന്നെ ശശി അമ്മ ദേവകിയെ നോക്കി പറഞ്ഞു.
"ഞാന്‍ മുഖ്യമന്ത്രിയായാല്‍ പൂമാലയും പൊന്നാടയും പിടിക്കാന്‍ ഒരാളെക്കൂടെ കൊണ്ടു നടക്കണം!"
ഒരു പതിനായിരം വട്ടം കേട്ടതാണ് ശശിയുടെ ഈ മുഖ്യമന്ത്രിയായാലുള്ള കഥകള്‍. ദേവകി അത് ചെവിക്കൊള്ളാതെ നടന്നകന്നു. തന്നെ വകവെയ്കാത്ത കുടുംബാഗംങ്ങള്‍ ശശിക്കും ഒരു പുത്തരിയല്ല! ഇപ്പോള്‍ പറയത്തക്ക ജോലിയൊന്നുമില്ലെങ്കിലും, ഒരു ദിവസം ഇവരെല്ലാം തന്നെ വാനോളം പുകഴ്ത്തും! തന്നെ വിലമതിക്കും... തന്‍റെ കട്ടിലിനരികിലുള്ള പാര്‍ട്ടിയുടെ പതാകയെ വണങ്ങി ശശി തന്‍റെ ദിവസമാരംഭിക്കുകയായി!
കുളികഴിഞ്ഞു, വെള്ള മുണ്ടും ഷര്‍ട്ടുമിട്ടു, മുടികൊണ്ടു പതിവിലേറെ പൊക്കമുള്ള ഒരു കുരുവിക്കൂടുമുണ്ടാക്കി ശശി കണ്ണാടിയില്‍ തന്നെ ഒരു ഭാവി മുഖ്യമന്ത്രിയായി ചിത്രീകരിച്ചു! ഒരു ചെറു പുഞ്ചിരി ശശിയുടെ ചുണ്ടില്‍ വിടര്‍ന്നു! മുടി വെട്ടാന്‍ സമയമായെന്നും ശശിക്ക് തോന്നി... ഇനിയും കുരുവിക്കൂടു നീണ്ടാല്‍ വീട്ടിന്റെ വാതില്‍ കടക്കാന്‍ പറ്റാതാകും!
ഇനി പതിവു ചോദ്യം... ഇന്നെന്താണു ചെയ്യുക?! എന്തും തീരുമാനിക്കുന്നതിനു മുന്‍പ് ഇന്നത്തെ ജ്യോത്സ്യഫലം ഒന്നു നോക്കണം! തന്‍റെ കൂട്ടുകാര്‍ എല്ലാം നിരീശ്വരവാദികളാണു. അവരുടെ മുന്‍പില്‍ താനും അങ്ങനെതന്നെയാണ്... പക്ഷെ രഹസ്യമായി തനിക്കു പൂജയും ജ്യോത്സ്യവും എല്ലാമുണ്ടു! ദൈവഭയം ഇല്ലാതെ വെല്ലോം നടക്കുമോ?
"മാനഹാനി, ധനനഷ്ടം... ജീവിതത്തെ വഴിതിരിക്കുന്ന ഒരു സംഭവമുണ്ടാകും..."
ആദ്യഭാഗം അത്ര പ്രസന്നമല്ലെങ്കിലും ശശിക്കു അവസാനഭാഗം ആകാംശയേകി!
"ഇന്നെന്തോ നല്ല കാര്യം സംഭവിക്കും...തീര്‍ച്ച" ശശി ഓര്‍ത്തു.
"അപ്പോള്‍ ഇന്നെന്താണു ചെയ്യേണ്ടത്?!" വീട്ടില്‍നിന്നിറങ്ങി കവലയിലേയ്ക്കു നടക്കവേ ശശി ആലോചിച്ചു!
കവലയുടെ ഒരു മൂലയ്ക്കു ഒടിഞ്ഞു കുത്തി നില്‍കുന്ന പൈപ്പ് ശശിയുടെ ശ്രദ്ധ പിടിച്ചു പറ്റി. "ഈ പൈപ്പ് ഒന്നു നന്നാക്കിയാലോ?" ശശി ചുറ്റും ഒന്നു നോക്കി. "ഓ കാണാനാരുമില്ല, പിന്നെന്തിനാ?". ജനപ്രീതി നേടുക എന്നതു ഒരു രാഷ്ട്രീയക്കാരനു വളരെ അത്യാവശ്യമാണ്. പക്ഷേ ജനമില്ലാത്തിടത്തു കിടന്നു പണിഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ? ശശി തന്‍റെ വെളുത്ത കുപ്പായമൊന്നു നോക്കി... ജ്യോത്സ്യ ഫലവും മനസ്സില്‍ തെളിഞ്ഞു വന്നു... "ഓ മാനഹാനിയാകും, കുപ്പായം കേടുമാകും...വേണ്ടല്ലേ? എന്തിനാ വെറുതെ!!" ശശി പൈപ്പിനെ വകവയ്കാതെ മുന്നോട്ടു നടന്നു!
സ്ഥലത്തെ പേരുകേട്ട ചായക്കടയാണ് കുട്ടപ്പന്‍ ചേട്ടന്റേതു. ശശിയെപോലെത്തന്നെ പ്രത്യേകിച്ചു വേറെ ജോലിയോന്നുമില്ലാത്ത കുറച്ചു ചെറുപ്പകാരും ചായയും മോന്തി കടത്തിണ്ണയില്‍ ഇരിക്ക പതിവാണ്! അവിടേയ്ക്കു നടന്നു കൊണ്ടിരിക്കയാണ് ശശി ആ കാഴ്ച കണ്ടതു. രണ്ടു കുട്ടികള്‍ അതാ വഴിയരികില്‍ വിശന്നു തളര്‍ന്നിരിക്കുന്നു! കവലയില്‍ ആളുകള്‍ വന്നു തുടങ്ങുന്നതേയുള്ളു...കുറച്ചു കാക്കാം...കുറച്ചുകൂടി ആളുകള്‍ എത്തിയാല്‍ അവരുകാണെ രണ്ടു ബണ്ണു വാങ്ങി അവറ്റകള്‍ക്കു കൊടുക്കാം. "ധനനഷ്ടം" ...ശശി ജ്യോത്സ്യഫലം ഓര്‍ത്തു!
അതാ തങ്കമ്മ വരുന്നു... സ്ഥലത്തെ മലകറി കച്ചവടക്കാരിയാണു തങ്കമ്മ. ശശിയുടെ മനസ്സില്‍ തങ്കമ്മ കയറിപറ്റിയിട്ടു കാലം കുറച്ചായേ! ഇനി താമസിക്കേണ്ട! ആരു വന്നില്ലേലും ശശിക്കു അതൊരു വിഷയമല്ല! തങ്കമ്മ കാണെ രണ്ടു ബണ്ണു വാങ്ങി ശശി പിള്ളേര്‍ക്ക് കൊടുത്തു. അവരെ സ്നേഹപൂര്‍വ്വം തലോടികൊണ്ട് ശശി പറഞ്ഞു - " എന്‍റെ രാഷ്ട്രീയ പിന്‍ബലം കൊണ്ടു ഞാന്‍ ഈ ഗ്രാമത്തിലെ പട്ടിണി അകറ്റും!" കടക്കാരനും തങ്കമ്മയും ശശിയെ ആരാധനാപൂര്‍വ്വം നോക്കി. തങ്കമ്മയുടെ മുഖത്തു ശൃങ്കാരം നിറഞ്ഞ പുഞ്ചിരി വിടര്‍ന്നു!
"രണ്ടു രൂപാ മുടക്കിയതു വെറുതെയായില്ല!" ശശി ഓര്‍ത്തു.
അവിടെ കടത്തിണ്ണയില്‍ ഒരു ചായയും കുടിച്ചു ശശി അങ്ങനെ ഇരിക്കയാണു... അതുപോലെ പ്രത്യേകിച്ചു അത്യാവശ്യമൊന്നുമില്ലാത്ത കുറച്ചു ചെറുപ്പക്കാരും കൂട്ടിനുണ്ട്! സംസാരവിഷയം തൊഴിലില്ലായ്മ! ശശി തന്‍റെ രാഷ്ട്രീയ പദ്ധതികളെ കുറിച്ചു വീമ്പു പറയന്‍ തുടങ്ങി!
"നമ്മളെ പോലെ കര്‍ത്തവ്യ മനോഭാവമുള്ള ചെറുപ്പക്കാരണു കേരളത്തിനു വേണ്ടതു. രാഷ്ട്രീയ സ്വാധീനം കൊണ്ടു എനിക്ക് പലതും ചെയ്യാന്‍ കഴിയും... എല്ലാം എന്‍റെ പദ്ധതികളിലുണ്ടു!"
ചില ചെറുപ്പക്കാര്‍ അസൂയയോടും ചിലര്‍ ആരാധനയോടും ശശിയെ നോക്കി.
അപ്പോഴാണ് സ്ഥലത്തെ പഞ്ചായത്തു പ്രസിഡന്റു കൃഷ്ണന്‍ നായരുടെ വരവു. ശശിക്ക് കൃഷ്ണന്‍മാഷേ കണ്ണെടുത്താല്‍ കണ്ടൂടാ. ഒരു കാരണം, പണ്ടു താന്‍ എട്ടാം ക്ലാസ്സില്‍ നാലാം തവണയും തോറ്റപ്പോള്‍ മണ്ടന്‍ എന്ന് മുദ്രകുത്തി തന്നെ ഈ മാഷ് ഒരുപാടു നാണം കെടുത്തിയിടുണ്ടു! വേറൊരു കാരണം, ഇപ്പോഴും താന്‍ ഒരു അലസനാണെന്നു ആള്‍കൂട്ടത്തില്‍ വെച്ചു വിളിച്ചു പറയാന്‍ കൃഷ്ണന്മാഷിനു വലിയ ഉത്സാഹമാണു!
"എന്താ ശശി, രാവിലെ പ്രത്യേകിച്ചു പണിയൊന്നുമില്ലാതതുകൊണ്ടാണോ ഇവിടെ തൊഴിലില്ലായ്മയെ കുറിച്ചു ചര്‍ച്ച നടത്തുന്നതു? നിങ്ങളെപ്പോലുള്ള അലസരാണു ഈ നാടിന്‍റെ ശാപം! മേലനങ്ങാന്‍ വയ്യാതെ സര്‍ക്കാരിനേയും സമൂഹത്തിനെയും പഴിക്കുന്ന ചെറുപ്പകാരാണു ഈ നാടിന്‍റെ നാശം!"
"ഇനി ഇവിടെ നിന്നാല്‍ ശരിയാവില്ലാ...!" ശശി പതിയെ എണീറ്റു മറുത്തൊന്നും പറയാതെ അവിടെ നിന്നും വിട വാങ്ങി!
അമ്പലപ്പറമ്പിലെ ആല്‍മരചോട്ടിലിരുന്നു അല്പം വിശ്രമിക്കാമെന്നു ശശി കരുതി. അതാ... ശിവന്‍ വരുന്നു... തന്‍റെ അയല്‍വാസിയും സുഹൃത്തുമാണ് ശിവന്‍! എതിര്‍ പാര്‍ട്ടിയാണെങ്കിലും നല്ല കൂട്ടുക്കാരാണു അവര്‍. ശിവനും ശശിയെപോലെ തന്നെ തിരക്കു നടിക്കുന്ന ഒരു രാഷ്ട്രീയക്കാരനാണു!
"എന്താ ശശി, ഇന്നു പരിപാടിയൊന്നുമില്ലേ?" ശിവന്‍ അകലെനിന്നു തന്നെ വിളിച്ചു ചോദിച്ചു.
"ഒന്നിരുനന്നേയുള്ളൂ. നിനക്കെന്താ പരിപാടി?"
"ഒരു ഉഗ്രന്‍ അവസരം വന്നിട്ടുണ്ട്. ഞങ്ങളുടെ പാര്‍ട്ടി സമ്മേളനം വരുകയാണു. ഏറ്റവും ചുറുചുറുക്കുള്ള ചെറുപ്പക്കാരെ അവര്‍ ഓരോ മേഘലകള്‍ ഏല്പിക്കും. പാര്‍ട്ടി വളരുകയല്ലേ! അവര്‍ക്കു പുതിയ ആളുകളെ വേണ്ടേ?! എനിക്ക് നല്ല പ്രതീക്ഷയുണ്ട്!"
ശശിയുടെ കണ്ണുകള്‍ തിളങ്ങി... തന്‍റെ ജ്യോത്സ്യഫലം മനസില്‍ തെളിഞ്ഞു വന്നു. ജീവിതത്തെ വഴി തിരിക്കുന്ന സംഭവം! രാഷ്ട്രീയത്തില്‍ വളര്‍ന്നു വരണമെങ്കില്‍ ആദ്യം സ്വന്തം നിലനില്പാണു നോക്കേണ്ടതു. മിക്ക വലിയ നേതാക്കളും വളര്‍ന്നു വന്നതു അങ്ങനെയാണു.
"ശിവാ, സത്യം പറയാലോ. എന്‍റെ കാര്യം അല്‍പ്പം കഷ്ടമാണു. എനിക്കു പ്രത്യേകിച്ചു പാര്‍ട്ടി പ്രവര്‍ത്തനം എന്നു പറയാനും വേണ്ടി ഒന്നുമില്ല! നിനക്കെന്നെ സഹായിക്കാന്‍ പറ്റുമോ?"
"പക്ഷേ നിന്‍റെ പാര്‍ട്ടി വേറെയല്ലേ?" ശിവന്‍ അതിശയത്തോടെ ചോദിച്ചു.
"എന്തു പാര്‍ട്ടി? എല്ലാ വലിയ നേതാക്കളും ഇങ്ങനെയൊക്കെയാണു വളര്‍ന്നു വന്നതു."
"ആ, നീ ഏതായാലും ഒന്നുവാ. നമ്മുക്കൊരു കൈ നോക്കാം!"
പാര്‍ട്ടിയംഗംങ്ങള് ആദ്യം ഒന്നു സംശയിച്ചെങ്കിലും, ശശി തന്‍റെ വാക്ച്ചാതുരികൊണ്ട് അവരെ പാട്ടിലാക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടായില്ല. അവര്‍ ശശിയെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു!
അങ്ങനെ തിരക്കേറിയ ഒരു സയാഹ്നതിനൊടുവില്‍ വിശ്വാസങ്ങളും മുദ്രാവാക്യങ്ങളും മാറ്റിയെഴുതി, പുതിയ ഒരു പതാകയുമായി ശശി വീട്ടിലെത്തി!
പിറ്റേന്നു രാവിലെ ദേവകി ശശിയുടെ കട്ടിലിനരികിലുള്ള പുതിയ പതാക ശ്രദ്ധിച്ചു!
"എന്താ പുതിയ ഒരു പതാക??"
"ആ ഞാന്‍ പാര്‍ട്ടി മാറി!" ശശി ഒരു കൂസലില്ലാതെ കിടക്കയില്‍ കിടന്നോണ്ടു പറഞ്ഞു!
കുടുംബത്തിനോടു കൂറില്ലാത്ത തന്‍റെ മകന്‍ പാര്‍ട്ടിയോടു കൂറു പുലര്‍ത്താത്തതിലു ദേവകിയ്ക്കു ഒരു അതിശയവും തോന്നിയില്ല! പക്ഷേ നാടിനു ഗുണമില്ലാത്ത ഒരു പൊതുപ്രവര്‍ത്തകന്‍ തന്‍റെ വയറ്റില്‍ വന്നു കുരുത്തല്ലോ എന്നോര്‍ത്തു അവര്‍ ഒന്നു നെടുവീര്‍പ്പിട്ടു പോയി!
അയാള്‍ ജ്യോത്സ്യഫലം വായിക്കാനായി പത്രം എടുക്കയായി!