Please Note...

(Hi everyone... In some computer systems the malayalam fonts(libis) are not coming up as I can see on my system. I dont know the exact reason, but I assume its something to do with the translator I have used!Sorry for any Inconvenience caused...I will try to sort this out soon...)

Sunday, 9 December 2007

ഇതും ഒരു കഥാനായകന്‍!




പള്ളിക്കല്‍ കുരിയാക്കൊസച്ഛന്റെ സുവിശേഷ പ്രസംഗം പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ വായില്‍ നിന്നും ദൈവവചനം കേട്ടാല്‍ എത്ര കഠിന ഹൃദയവും അലിഞ്ഞു പോകുമെന്നാ വെപ്പ്. പറഞ്ഞാല്‍ കേള്‍ക്കാത്ത തലതെറിച്ച കോളേജ് കുമാരന്മാര്‍ക്കും, പാതിരാവരെ കളളു മോന്തി ഭാര്യയെ തല്ലുന്ന കെട്ടിയോന്മാര്‍ക്കും അച്ഛന്‍ ഒരു പേടിസ്വപ്നമായി മാറി! സുവിശേഷം കേട്ടു അബദ്ധത്തിലെങാനും നന്നായി പോയല്ലോ എന്നാണേ പേടി! കുറ്റം പറയാന്‍ പറ്റില്ല, അത്രയ്ക്ക് കേമനാണെ നമ്മുടെ കുരിയക്കോസ്അച്ഛന്‍!
ഇതുപോലെ മുങ്ങി നടക്കുന്ന ചെരുപ്പകാരില്‍ ഒരാളാണ് റോസ്മേരിയുടെ ഭര്‍ത്താവ് പത്രോസ്. റോസ്മേരി, നല്ല തുംബപൂവിന്റെ നിറവും പനം കുലപോലത്തെ മുടിയും... അവള്‍ ആ ഗ്രാമത്തിലെ രാജകുമാരിയായിരുന്നു! ചെരുപ്പകാരുടെ ഉറക്കം കെടുത്തിയ രാജകുമാരി! പത്രോസ് കുറേ കഷ്ടപെട്ടിട്ടാണത്രേ രോസേമരിയെ ചാക്കിലാക്കിയെ... തനിക്കില്ലാത്ത ഗുണങ്ങളൊക്കെ ഉണ്ടെന്നു ഭാവിച്ചു, സോപ്പും ചീപ്പും കണ്ണാടിയുമൊക്കെ മേടിച്ചു കൊടുത്തു പത്രോസ് റോസ്മേരിയുടെ ഹൃദയം കവര്‍ന്നു!
ആ പത്രോസിനെ കുറിച്ചു പറഞ്ഞില്ലല്ലോ... ആട്ടിന്‍ തോലണിഞ്ഞ ചെന്നായി - ആ പ്രയോഗം കണ്ടുപിടിച്ചതുതന്നെ പത്രോസിനെ കണ്ടിട്ടാണെന്നാ തോന്നുന്നേ! ഏതു പെണ്ണും ഒന്നു നോക്കിനിന്നു പോകുന്ന ഗാംഭീര്യം, തിളങ്ങുന്ന ചര്‍മ്മം, നല്ല ഇടത്തൂര്‍ന്ന കണ്പീലി... ഇതിനെയെല്ലാം വെല്ലുന്ന കള്ളചിരിയും!!!

റോസ്മേരിയുടെ കൂട്ടുകാരികള്‍കെല്ലാം അവളോടു അസൂയയായി... എന്നാല്‍ അധികകാലം ഈ സന്തോഷം നീണ്ടുനിന്നില്ല...അവരുടെ കല്യാണം കഴിഞ്ഞു ആഴ്ചകള്‍കകം തന്നെ പത്രോസിന്റെ മട്ടു മാറി! ചീട്ടുകളിയും കള്ളുകുടിയും ശീലമായി... അതൊന്നും പോരാഞ്ഞു രാത്രി ചെണ്ടക്കിട്ടടിക്കുന്നപോലെ റോസ്മേരിയുടെ തുടുത്തു ചുവന്ന മേനിയില്‍ ചവിട്ടും തൊഴിയും!

പട്ടിണി കിടക്കാതെ ജീവിക്കാന്‍ വേണ്ട വക റോസ്മേരി ജോലിചെയ്തു ഉണ്ടാകുന്നുണ്ട്‌. ആ ഗ്രാമത്തിലെ ഏക നാടക ട്രൂപിലെ നായികാ കഥാപാത്രം കൈകാര്യം ചെയുന്നത് നമ്മുടെ റോസ്മേരിയാണു. പള്ളിപരിപാടികള്‍ക്കും ഉത്സവങ്ങല്‍ക്കുമൊക്കെ കളിയുണ്ടാകും. വലിയ വരുമാനമില്ലെങ്ങിലും അവള്ക്ക് വലിയൊരു താങ്ങാണു ഈ പണി. പത്രോസ് ദിവസം കഴിയും തോറും തന്റെ ലീലാവിലാസം എല്ലാ മേഘലകളിലെക്കും വ്യാപിച്ചു തുടങ്ങി! കള്ളുകുടിയും ചീട്ടുകളിക്കുമുപരെ ഇപ്പോള്‍ കഞ്ചാവും തുടങ്ങിയിട്ടുണ്ട്! പണം കിട്ടാതെവന്നാല്‍ ആളെപറ്റിച്ചും പോക്കറ്റടിച്ചും എങ്ങനെയും പത്രോസ് പണം ഉണ്ടാക്കും!!! ഇതൊക്കെയാണേലും രാത്രി റോസ്മേരികുള്ള അടിയും തൊഴിയും, അതു മുടങ്ങാതെ പത്രോസ് നാടകം നടക്കുന്ന സ്ഥലത്തു പോയാണേലും കൊടുത്തിരിക്കും!!!

നാടക ട്രുപ്പിന്റെ മുതലാളി കുഞ്ഞച്ഛായന്‍ പിത്തം പിടിച്ചു കിടിപ്പിലായ്... നാടകം നോക്കി നടത്താന്‍ ആരുമില്ലാതെയായി!! നാടകാഭിനയം നിന്നതോടെ ആ വീട്ടിലെ അടുപ്പ് പുകയതെയായി! പത്രോസിന് പൈസ കിട്ടതെവന്നപ്പോള്‍ റോസ്മേരിക്കുള്ള അടിയും ഇടിയും ഇരട്ടിയായി കൊടുക്കാന്‍ തുടങ്ങി! പാവം റോസ്മേരി, അവളെ സഹായിക്കാന്‍ ആരുണ്ട്??

എല്ലാം കണ്ടുകൊണ്ടു മുകളിലൊരാള്‍ ഇരിപുണ്ടേ!!!

ഇതേ സമയം നമ്മുടെ കുരിയാക്കൊസച്ഛന്റെ സുവിശേഷ പ്രസംഗം കേള്‍ക്കാന്‍ പല ഗ്രാമത്തില്‍ നിന്നും ആളുകളെത്തി. ആളുകളുടെ എണ്ണം ദിവസം കൂടും തോറും വര്‍ദ്ധിച്ചുകൊണ്ടിരുന്നു! അങ്ങനെയിരിക്കുമ്പോളാണ് അച്ഛന്റെ മനസ്സില്‍ ഒരാശയം ഉദിച്ചത്‌. സുവിശേഷ പ്രസംഗം പോലെത്തന്നെ കര്‍ത്താവിന്റെ സന്ദേശം നാടകവധരണമായി ഭക്തരുടെ മുന്‍പില്‍ അവതരിപ്പിക്കുക. വലിയ പണമുടക്കില്ലാതെതന്നെ ഗ്രാമത്തിലെ ആളുകളെക്കൊണ്ട്‌ അഭിനയിപ്പിക്കണം! അതു ചിലര്‍ക്കേലും ഒരു വരുമാനവും ആകുമല്ലോ!! അച്ച്ഛനന്വേഷിച്ചപ്പോള്‍ ആദ്യം കേട്ട പേരു റോസ്മേരിയുടെതാണ്! റോസ്മേരിയാണേല്‍ നാടക ട്രുപ്പ് പൂട്ടിയതോടെ കഷ്ടപടിലാണു... പക്ഷേ ഒരു പ്രശ്നം! യേശുക്രിസ്തുവിന്റെ ഭാഗം അഭിനയിക്കാന്‍ വേണ്ട ഐശ്വര്യമുള്ള ഒരു നടനെ കിട്ടണ്ടേ! കുരിയക്കൊസച്ചനെ കാണാന്‍ പല ചെറുപ്പക്കാരും വന്നു. ചിലരെ കണ്ടാല്‍ കര്‍ത്താവു ഇറങ്ങിവന്നു അച്ച്ഛനിട്ടു അടികൊടുക്കും!!!

ഒരൊത്ത നടനെ കിട്ടാതെ എങ്ങനാ നാടകം നടത്തുന്നെ?! വെളിഗ്രാമത്തില്‍ നിന്നു നടനെ എടുക്കുനതിനു മുന്പ് റോസ്മേരിയുടെ പരിചയത്തില്‍ ആരേലും ഉണ്ടോയെന്നു തിരക്കാം - അച്ച്ഛന്‍ കരുതി. റോസ്മേരിയുടെ വീട്ടില്‍ അച്ച്ഛന്‍ രാവിലെ തന്നെ എത്തി. കര്‍ത്താവിന്റെ രൂപം വാര്‍ത്തെടുത്തപോലെ അതാ ആ ചെറുപ്പക്കാരന്‍ നടന്നു വരുന്നു... അച്ച്ഛന്റെ മനസ്സില്‍ ധ്യാന മന്ത്രങ്ങള്‍ മുഴങ്ങി!... ഒരു ചെറു പുഞ്ചിരിയോടെ ആ ചെറുപ്പകാരന്‍ വീടിന്റെ ഉമ്മറത്തിരുന്നു. "എന്റെ നാടകത്തിലെ കര്‍ത്തവാകാന്‍ ഇവനോളം ഒത്ത ഒരാളില്ല"- അച്ച്ഛന്‍ റോസ്മേരിയോട്‌ പറഞ്ഞു. " അയ്യോ!, അതെന്റെ കെട്ടിയോന്‍ പത്രോസ് ആണച്ചോ! അങ്ങേര്‍ക്കു അഭിനയം ഒന്നും അറിയില്ല!" അച്ച്ഛന്റെ കണ്ണുകള്‍ അപ്പോളും പത്രോസിന്റെ മേല്‍ ആയിരുന്നു. "മകനെ, നിനക്കു പള്ളിയുടെ നാടകത്തില്‍ അഭിനയിക്കാമോ? നല്ല ദിവസ കൂലിയാണ്! വൈകുനേരമാണ് കളി, അതുന്‍ കൊണ്ടുതന്നെ ജോലി മുടക്കണ്ട! ഒരു വരുമാനമല്ലേ, എന്ത് പറയുന്നു?" ജോലിയും കൂലിയും ഇല്ലാത്ത പത്രോസിന് സമയം ഒരു പ്രശ്നമാണോ? വൈകിട്ടുമാത്രം കളി, നല്ല കൂലി... പത്രോസ് സമ്മതം മൂളി. അങ്ങനെ എല്ലാ തലതെറിച്ച പണിയും അറിയാവുന്ന, എന്തിന് പല തലതെറിച്ച പണിയും കണ്ടുപിടിച്ച നമ്മുടെ പത്രോസ് കര്‍ത്താവായി മാറി...

അച്ഛന്‍ പ്രതീക്ഷിച്ചപോലെത്തന്നെ നാടകത്തിനു നല്ല പേരായി. നടകാവസാനം അച്ഛന്റെ ഒരു ചെറിയ സുവിശേഷ പ്രസംഗവും! ആളുകളുടെ എണ്ണം കൂടി കൂടി വന്നു... തലതെറിച്ച പലരും നേര്‍വഴി സ്വീകരിച്ചു! റോസ്മേരിയും പത്രോസും പലരുടെയും ജീവിതത്തിനു വെളിച്ചം നല്കി... പക്ഷേ ഇതൊന്നും ഒരാളെ മാത്രം മാറ്റിയില്ല...നമ്മുടെ പത്രോസിനെ!!! നാടകം കഴിഞ്ഞു അച്ഛന്റെ പ്രസംഗം കേള്‍ക്കാന്‍ നിക്കാതെ കള്ളുഷാപ്പിലേയ്ക്കു ഓടുക പതിവായി! ഒരു ചിട്ട മാത്രം എന്നാലും മുടങ്ങിയില്ല - റോസ്മേരിക്കുള്ള അടിയും തോഴിയും!!!

തട്ടയില്‍ കയറി ദൈവവചനം പറയുന്ന പത്രോസിനെ കണ്ടു കണ്ണുനിറയാതെ കാണികള്‍ ഇറങ്ങാറില്ല!... പത്രോസിന്റെ ഓരോ വാക്കിലും ദൈവ കടാക്ഷം ഉണ്ടെന്നാണു കാണികള്‍ പറയാറ്‌! തന്റെ സങ്കടം കുരിയക്കൊസച്ചന്റെടുത്തു പറയുക മാത്രമാണ് റോസ്മേരിയുടെ ആകെ ആശ്വാസം! അച്ഛന്‍ പറയും "മകളെ, മറ്റുള്ളവരുടെ ജീവിതത്തിന് വെളിച്ചം നല്കുന്ന നിന്നെ കര്‍ത്താവു കാണാതിരിക്കുമോ? ഒരുനാള്‍ പത്രോസും തന്റെ സ്വന്തം വാക്കുകളുടെ അര്‍ഥം മനസിലാക്കും! അവന്റെ സ്വഭാവം മാറും!" ഈ വാക്കുകള്‍ മാത്രമായിരുന്നു റോസ്മേരിയുടെ ആകെ പ്രതീക്ഷ. അതിയാന്‍ ഒരുനാള്‍ നന്നാവും!
"നീ ഉടിത്തിലേലും അവളെ ഉടിപ്പിക്കുക...
നീ ഉണ്ടില്ലെലും അവളെ ഉണ്ണിക്കുക..."

പത്രോസിന്റെ വാക്കുകള്‍ കേട്ടു മുന്‍ നിരയിലിരുന്ന സ്ത്രിജനങ്ങളുടെ കണ്ണ് നിറഞ്ഞു... അവര്‍ ആശംസ വാക്കുകള്‍ കൊണ്ടു റോസ്മേരിയെയും പട്രോസിനെയും മൂടി. "കര്‍ത്താവിനെ പോലെ തേജസുള്ള പത്രോസിനെ ഭര്‍ത്താവായി കിട്ടിയത് നിന്റെ ഭാഗ്യമാണ് റോസ്മേരി!..." ഒരു കാണിയുടെ ആശംസാവക്കുകളാണു... പത്രോസിതു കെട്ട് ഒന്നു പുഞ്ചിരിച്ചു.

റോസ്മേരി ഓര്‍ത്തു - ഒരിക്കല്‍ പോലും തനിക്കൊരു തുനിക്കഷണം പോലും മേടിച്ചു തരാത്ത തന്റെ ഭര്‍ത്താവ്‌! അവള്‍ പട്ടിണി കിടന്നാലും ഒരു ദിവസം പോലും കള്ളുകുടിയും ചീട്ടുകളിയും മുടക്കാത്ത തന്റെ ഭര്‍ത്താവ്‌!" അവളുടെ മനസില്‍ രാത്രി തന്നെ കാത്തിരിക്കുന്ന അടിയുടെ താളം മാത്രമാണുള്ളതു!

"ഒന്നുമിലേലും കര്‍ത്താവല്ലേ അടിക്കുന്നെ!"...അവളൊന്നു നെടുവീര്‍പിട്ടു!!!

സ്നേഹതൂവല്‍


പാതി തുറന്ന ജനാലയിലൂടെ സൂര്യരശ്മികള്‍ എന്‍റെ മിഴിയെ തലോടുകയാണ്. ഞാന്‍ എന്‍റെ കണ്ണുകള്‍ മെല്ലെ തുറന്നു. അങ്ങനെ വീണ്ടും ആ ദിവസമണഞ്ഞു!

ഇന്നു ഞങ്ങളുടെ അമ്പത്തിരണ്ടാം വിവാഹ വാര്‍ഷികമാണു! ദിവസങ്ങള്‍ കടന്നു പോയതു എത്ര പെട്ടെനാണ്! പതിനാറുകാരിയായ ഞാന്‍... തിളങ്ങുന്ന മിഴികളും, കുപ്പി വളകളണിഞ്ഞ കൈകളും, പാറിപറന്ന മുടിയും... അമ്പത്തിരണ്ടു വര്‍ഷങ്ങള്‍! കളിയും ചിരിയും തമാശയും... ഞാന്‍ സന്തുഷ്ടയാണ്!!!

"മറിയേ, എന്തുറക്കമായിതു? എഴുനേറ്റേ!" എന്‍റെ ഇച്ഛായനാണ്...
വെള്ള കുപ്പയമണിഞ്ഞു, കള്ളച്ചിരിയോടെ എന്നോടു കിന്നരിക്കുന്ന ആ ഇരുപതു വയസ്സുക്കാരന്‍ ...എന്‍റെ ജീവിതത്തിന്‍റെ നിറം എന്‍റെ ഇച്ഛായനാണ്...എന്നും രാവിലെ എന്നെ ഉറക്കമെഴുനേല്പിക്കും... ഞങ്ങള്‍ ഒരുമിച്ചു ഭക്ഷണം ഉണ്ടാക്കും...പിന്നെ കളിയും ചിരിയും തമാശയും...സമയം പോകുന്നതു ഞാന്‍ അറിഞ്ഞിട്ടേയില്ല!

"മറിയേ..."

"ഓ, ദാ എണ്ണീറ്റു.." പ്രായം ഒക്കെയായില്ലേ..ഇപ്പോള്‍ എഴുനേല്‍ക്കാനും നടക്കാനും അല്പം ബുദ്ധിമുട്ടാ...പ്രത്യേകിച്ച് രാവിലെ...പിന്നെ ഇച്ഛായനുള്ളതു കൊണ്ടു അങ്ങനെയൊക്കെ പോണു...

"മറിയേ...ഇന്നു പ്രാതലിനു അപ്പം ഉണ്ടാക്കിയാല്‍ മതി. എന്നിട്ട് നമ്മുക്കു പള്ളിയില്‍ പോകണ്ടേ? വിവാഹവാര്‍ഷികമായിട്ടു നീ മുടക്കത്തെ ചടങ്ങ്‌ ഈ വര്‍ഷവും നടക്കട്ടെ..."
ഞങ്ങളുടെ എല്ലാ വിവാഹവാര്‍ഷികത്തിനും പള്ളിയില്‍ അനാഥകുട്ടികള്‍ക്കു പലഹാരം കൊടുക്കുന്ന പതിവുണ്ടേ...പുജേം ഉണ്ട്... അത് ഈ അബത്തിരണ്ടു വര്‍ഷവും മുടക്കിയിട്ടില്ല!

ഇന്നു ഇച്ഛായനെ കാണാനെന്തോ ഒരു പ്രത്യേക ചന്തം...പറയണ്ട..അല്ലേല്ലേ പ്രായം കൂടും തോറും കുറച്ചു ഒരുക്കം കൂടുതല്ലാ!...ഞാന്‍ പതിയെ ചിരിച്ചു...

പുറത്തു കിളികളുടെ കരച്ചില്‍ കേള്‍ക്കാം..ജനാലയിലൂടെ നോക്കിയാല്‍ അങ്ങ് കുന്നുമേല്‍ മേയുന്ന പൈക്കളെ കാണാം...നിറപകിട്ടാര്‍ന്ന ഒരു മെത്തപോലെ പൂക്കള്‍ കുന്നുമേല്‍ പൂത്തുലഞ്ഞു കിടക്കുന്നു...അതിനഴകേകാന്‍ ചിത്ര ശലഭങ്ങള്‍ പാറി പറന്നു നടക്കുന്നു...ഒരു നിമിഷം ഞാന്‍ ഞങ്ങളുടെ വിവാഹം ഓര്‍ത്തുപോയി...

ശിശിരകാലത്തിന്‍റെ എല്ലാ സൌന്ദര്യവും ഉള്‍കൊണ്ട ആ പ്രഭാതം! തൂവെള്ള വസ്ത്രമണിഞ്ഞു ആ കുന്നിന്‍ ചെരിവിലൂടെയാ ഞാന്‍ ആദ്യമായി ഇവിടെ വന്നതു...എല്ലാം ഇന്നലെ പോലെ ഓര്‍ക്കുന്നു ഞാന്‍!

അനാഥയാണെന്ന കുറവറിയാതെയാണു ഇത്രേം കാലം ഇച്ഛായന്‍ എന്നെ നോക്കിയത്‌! എന്‍റെ കണ്ണുകള്‍ നിറഞ്ഞു...സന്തോഷം കൊണ്ടു..ഞാന്‍ എത്ര ഭാഗ്യവതിയാണ്‌!

"മറിയേ, സമയം പോകുന്നു..വരൂ പള്ളിയില്‍ പോകണ്ടേ?"
അയ്യോ ദേഷ്യം വന്നാല്‍ പുള്ളിയെ പിടിച്ചാല്‍ കിട്ടില്ല... തൂവെള്ളയില്‍ ചെറിയ മഞ്ഞപൊട്ടുകള്‍ ഉള്ള സാരി..ഇച്ഛായന്‍ ഈ ദിവസത്തേക്കു വേണ്ടി പ്രത്യേകം മേടിച്ചു തന്നതാ..ഞാന്‍ ഉടുതൊരുങ്ങി നിന്നാല്‍ ഇപ്പോളും ഇരുപതുകാരിയുടെ ചന്തമാണെന്നാ ഇച്ഛായന്‍ പറയുന്നെ!

തലേന്നു തന്നെ ഞാന്‍ പള്ളിയില്‍ കൊടുക്കാനുള്ള ഉണ്ണിയപ്പവും നെയ്യപ്പവും തയ്യാറാക്കിയിരുന്നു...മക്കളില്ലാത്ത വിഷമം ഞങ്ങള്‍ അറിഞ്ഞിട്ടേയില്ല...സ്വന്തം മക്കളുതന്നെ വേണമെന്നുണ്ടോ? അവരെല്ലാം എന്‍റെ മക്കളല്ലേ...അങ്ങനെയാ ഇച്ഛായനും പറയുന്നെ!

ഞങ്ങള്‍ ആ പഴയ കുന്നില്‍ ചെരുവിലെ ആളൊഴിഞ്ഞ വഴിയിലൂടെ നടന്നു...ടാറിട്ട റോടിലൂടെയാണേല്‍ വേഗം എത്താം... എന്നാലും ഈ കുന്നില്‍ ചെരുവിലൂടെ കിളികളുടെ കൊഞ്ജലും കേട്ടു പോകുന്നതു ഒരു പ്രത്യേക സുഖമാണേ!...

പള്ളിലു മക്കളതാ കാത്തുനില്‍കുകയാണ്... എന്‍റെ പലതരം എല്ലാര്‍ക്കും വലിയ ഇഷ്ടമാണ്! സ്നേഹത്തോടെ ഉണ്ണിയമ്മയെന്നാണു എന്നെ വിളികാറു! ഉണ്ണിയപ്പം എന്നെപോലെ നന്നായി ആരും ഉണ്ടാകിലത്രെ!

പള്ളിലെ പൂജയോക്കെ നന്നായിരുന്നു...ഇച്ഛായന്‍ പതിവിലേറെ സന്തുഷ്ടനയിരുന്നു...ഇത്രേം നേരം എന്‍റെ അടുത്തുതന്നെ ഉണ്ടായിരുന്നു...സമയം പോയതറിഞ്ഞില്ല..സന്ധ്യയായി! മടങ്ങാന്‍ നേരമായി...ഞാന്‍ കുടയോക്കെ എടുത്തു തയ്യാറായി...

അതാ ത്രെസിയ.. എന്‍റെ പഴയ കൂട്ടുകാരി..ഞങ്ങള്‍ അനാഥാലയത്തില്‍ ഒരുമിച്ചാണു വളര്‍ന്നത്തു... ഞാന്‍ കല്യാണം കഴിഞ്ഞു ഇച്ഛായനൊപ്പം താമസമായി..അവള്‍ ഇവിടെ തന്നെ തങ്ങി..പുതിയ അംഗങ്ങളെ സ്വീകരിച്ചു..കുഞ്ഞുങ്ങള്‍ക്കു തണലായി....

"എന്താ ത്രെസിയെ, സുഖമാണോടിയേ?"

"സുഖം തന്നെ മറിയ കൊച്ചേ...നിന്‍റെ പലഹാരം പിള്ളേര്‍ക്ക് ജീവനാ...ഇവര്‍ക്ക്‌ നിന്നെ നല്ല പിടിതമാണു...ആ ഒന്നോര്‍ത്താല്‍ ഭര്‍ത്താവു മരിച്ചിട്ടും, വിവാഹവാര്‍ഷികം നീ എത്ര കാലമായി മുടങ്ങാതെ ആഘോഷിക്കുകയാണ്!... കുരിയച്ഛന്‍ മരിച്ചിട്ടു ഇപ്പോള്‍ എത്ര കൊല്ലമായി?! നിങ്ങള്‍ ഒരുമിച്ചു രണ്ടു കൊല്ലമല്ലേ കഴിഞ്ഞുള്ളൂ...ആ എല്ലാം വിധി...അങ്ങിരുട്ടായില്ലേ..ഞാന്‍ വീടു വരെ കൊണ്ടാക്കനോടീ?"

ഞാന്‍ ഇച്ഛായനെ നോക്കി...ഒരു കള്ളച്ചിരിയോടെ ഇച്ഛായന്‍ എന്നെ നോക്കി കണ്ണ് ചിമ്മി...ഇച്ഛായന്‍റെ ശരീരം എന്നെ വിട്ടു പോയിട്ട്‌ അമ്പതു കൊല്ലമായി...പക്ഷെ മനസ്സു അത് ഇന്നും എന്നും എനിക്ക് താങ്ങും തണലുമായി ഉണ്ടായിരുന്നു... ഞാന്‍ മണ്ണടിഞ്ഞാലും ഞങ്ങളുടെ മനസു എന്നും ഒന്നായിരിക്കും!...

ഞാന്‍ ഇച്ഛായനെ നോക്കി ചിരിച്ചു...

"വേണ്ട ത്രെസിയേ, എനിക്ക് വീടുവരെ പോകാന്‍ എത്ര ഇരുട്ടാണേലും കൂട്ടുണ്ട്!!!..."